വിഴിഞ്ഞം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതി അദാനി ഗ്രൂപ്പിനെ ഏല്പിക്കുന്നതിനു മുന്നോടിയായുള്ള അവസാനവട്ട നടപടി ക്രമങ്ങളുടെ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ഇന്ന് ചേരും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കബോട്ടാഷ് നിയമത്തില്‍ ഇളവ് നേടിയെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ വിഷയവും ചര്‍ച്ചയില്‍ വരും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുഖ്യമന്ത്രി കത്തയച്ചു. കബോട്ടാഷ് ഇളവിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ കിഴക്കന്‍തീര തുറമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയത് ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.