കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ദയയാണ് കിരണിന്റെ സര്‍ക്കാര്‍ ഉദ്യോഗം. നേരത്തെ കിരണിനെതിരെ കേസ് എടുത്ത് ജോലി തെറിക്കേണ്ടതായിരുന്നു. എന്നാല്‍, ഭര്‍ത്താവിന്റെ ജോലി കളയാതിരിക്കാന്‍ വിസ്മയ ദയ കാണിച്ചു. വിസ്മയ അന്നൊരു യെസ് പറഞ്ഞിരുന്നെങ്കില്‍ കിരണിന്റെ ജോലി നഷ്ടപ്പെടുമായിരുന്നു.
കിരണിന്റെ ഒരു മേലുദ്യോഗസ്ഥനാണ് തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ ഉദ്യോഗസ്ഥന്‍ കിരണിനെ അന്ന് വഴക്ക് പറഞ്ഞു. തനിക്ക് മാപ്പ് നല്‍കണമെന്ന് കിരണ്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, വിസ്മയയുടെ വീട്ടുകാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്ത് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, വിസ്മയ ഇടപെട്ട് ഒതുക്കിതീര്‍ത്തു. കിരണിന്റെ ജോലി കളയേണ്ട എന്നും നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയണ്ട...ഞാനിനി ആ വീട്ടിലേക്കു പോകുന്നില്ല എന്നും വിസ്മയ തന്റെ സഹോദരനോട് പറയുകയായിരുന്നു. വിസ്മയയുടെ ആവശ്യാനുസരണം വിസ്മയയുടെ സഹോദരന്‍ കിരണിനെതിരായ പരാതി പിന്‍വലിക്കുകയായിരുന്നു. അതുകൊണ്ടാണ് കിരണിന് സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ സാധിച്ചതെന്ന് വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നു.