സൂപ്പര്‍താരങ്ങളല്ല, വിനയനായിരുന്നു ശരിയെന്ന് ഇനിയെങ്കിലും തിരിച്ചറിയണം

ശനി, 25 മാര്‍ച്ച് 2017 (07:55 IST)
സിനിമ സംഘടനകൾക്കെതിരെ സംവിധായകൻ വിനയൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഒടുവിൽ ജയം കണ്ടെത്തിയിരിക്കുന്നു. വിനയന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ താരസംഘടനയായ  അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ ഈടാക്കിയിരിക്കുകയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.
 
വിധി വന്നതോടെ പ്രതികരണവുമായി വിനയനും രംഗത്തെത്തി. എന്റെ നിലപാടുകള്‍ സത്യമായിരുന്നു. ഞാന്‍ നിന്നത് സത്യത്തിനു വേണ്ടിയായിരുന്നുവെന്ന് വിനയൻ മാതൃഭ്യൂമി ഡോട്. കോമിനോട് വ്യക്തമാക്കി. സിനിമാരംഗത്തെ ഗൂഡാലോചന പുറത്തുകൊണ്ടുവരാനുള്ള എന്റെ യുദ്ധം വിജയിച്ചുവെന്ന് വിനയൻ പറയുന്നു.
 
എന്റെ എട്ടുവര്‍ഷം നശിപ്പിച്ചവരോട് എനിക്കു പറയാനുള്ളത് ഒന്നുമാത്രമാണ്, വിനയന്‍ പറഞ്ഞതായിരുന്നു, അല്ലാതെ സൂപ്പര്‍താരം പറഞ്ഞതായിരുന്നില്ല ശരി എന്ന് ഈയൊരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്നു മാത്രമാണ് എന്റെ അഭ്യര്‍ഥനയെന്ന് വിനയൻ വ്യക്തമാക്കുന്നു.
 
അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍, കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇന്നലെയാണ് കമ്മിഷന്റെ തീരുമാനം പുറത്തുവന്നത്. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം. ബി ഉണ്ണികൃഷ്ണന്‍ 32000 രൂപയും നല്‍കണം.
 
അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയൻ നൽകിയ പരാതിയിൻമേലാണ് നടപടി. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

വെബ്ദുനിയ വായിക്കുക