നീതി ലഭിക്കണം; സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി ചൂഷണത്തിനെതിരെ നടൻ വിജയ്
ശനി, 14 ജനുവരി 2017 (11:26 IST)
നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തപ്പോഴാണ് കേരളത്തിലെ സ്വകാര്യ കോളേജുകളിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പുറംലോകം കണ്ടത്. സംഭവത്തെ തുടർന്ന് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. ഈ സമയത്താണ് വിജയ് ചിത്രം ഭൈരവ തീയറ്ററുകളിൽ എത്തിയത്. സിനിമ കാണുന്നവർ ചിലപ്പോൾ അന്തംവിട്ടിരിക്കാൻ സാധ്യതയുണ്ട്. കാരണം, മനഃപൂർവ്വമോ അല്ലാതെയോ ഭൈരവ പറയുന്നത് സ്വകാര്യ കോളേജുകളിൽ നടക്കുന്ന സമകാലിക സംഭവങ്ങളാണ്.
സിനിമ എന്ന നിലയിൽ പ്രതീക്ഷിച്ചതൊന്നും പ്രേക്ഷകർക്ക് ലഭിച്ചില്ലെങ്കിലും, മറ്റുചിലത് സിനിമ പറഞ്ഞുവെക്കുന്നു. തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ കഥ പറയുക വഴി, ജിഷ്ണുവുൾപ്പെടെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം അനുഭവിച്ച ദുരിതങ്ങളാണ് വിജയ് ഭൈരവയിലൂടെ പങ്കു വെക്കുന്നത്.
നവമാധ്യമങ്ങളെ ഉൾപ്പെടെ ഉപയോഗിച്ച് ഇത്തരം അതിക്രമങ്ങൾക്കെതിരെ പോരാടണമെന്നും, രക്തസാക്ഷികൾക്ക് നീതിയൊരുക്കണമെന്നും ഭൈരവ സിനിമയിൽ ആവശ്യപ്പെടുന്നു. നെഹ്‌റു കോളേജിലെയും ടോംസ് കോളേജിലെയും പീഡനങ്ങള്‍ വായിച്ചും കേട്ടും തീയറ്ററിലെത്തുന്ന പ്രേക്ഷകരെ ഭൈരവ ഞെട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.
എല്ലാവരെയും ഓരോ സിനിമകളിലായി രക്ഷിക്കുന്ന വിജയ്, ഭൈരവയില്‍ രക്ഷിക്കുന്നത് സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ്. മലയാളിയായ എം വൈശാലിയെന്ന വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് കൊല്ലപ്പെടുന്നതും, തുടർന്ന് അവിടുത്തെ വിദ്യാർത്ഥികൾക്ക് ഭൈരവ സഹായം ചെയ്യുന്നതുമാണ് കഥ.
നിലവില്‍ ടോംസ്, നെഹ്‌റു കോളേജുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വ്യത്യസ്ത സമയത്തായി സിനിമയിലും ഉയരുന്നത്. മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വരുന്ന സംഘത്തിന് മുന്നില്‍ രോഗികളായി അഭിനയിപ്പിക്കുന്നത് ഇതേ മാനേജ്‌മെന്റിന് കീഴിലുള്ള എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. നെഹ്റു കോളേജിലും ഇതേ സംഭവങ്ങൾ നടന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.
നെഹ്‌റു കോളേജില്‍ വട്ടോളിയും പ്രവീണുമൊക്കെയാണ് ഗുണ്ടാപ്പണിക്കെങ്കില്‍ ഭൈരവയില്‍ കോട്ടവീരനെന്നാണ് മാനേജ്‌മെന്റിന്റെ ഗൂണ്ടാത്തലവന് പേര്. ഇടിയും ഭീഷണിയും അങ്ങനെ തന്നെ. പണമടയ്ക്കുന്നതിന് കൃത്യമായ റസീപ്റ്റ് നല്‍കാതെ തുണ്ടുകടലാസില്‍ എഴുതിവിടുന്ന സ്വാശ്രയകോളേജുകളുടെ ശീലം സിനിമയിലുമുണ്ട്. സ്വകാര്യ കോളേജുകളുടെ കൊള്ളയ്ക്ക് അതിര്‍ത്തികളില്ലെന്നും പൊതുസ്വഭാവമാണ് എല്ലായിടത്തെന്നും ഭൈരവ ഓര്‍മ്മിപ്പിക്കുന്നു.