എസ്എൻഡിപി യോഗത്തിനെതിരേ പകപോക്കലുകൾ നടക്കുന്നു; വെള്ളാപ്പള്ളി രാജിവയ്‌ക്കണമെന്ന് പറയാൻ വിഎസിനും ചെന്നിത്തലയ്‌ക്കും എന്തു യോഗ്യതയുണ്ട് - തുഷാർ
മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗത്തിനെതിരേ പല തരത്തിലുള്ള പകപോക്കലുകൾ നടന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് രാജിവയ്ക്കാൻ പറയാൻ വിഎസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എന്തു യോഗ്യതയാണ് ഉള്ളതെന്നും തുഷാർ ചോദിച്ചു.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു തുഷാർ.
എഫ് ഐ ആർ ഇട്ടതുകൊണ്ട് കുറ്റവാളിയാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യാഴാഴ്‌ച പറഞ്ഞിരുന്നു. വിഎസ് അച്യുതാനന്ദൻ കഥ അറിയാതെ ആട്ടം കാണുകയാണ്. വിഎസ് നൽകിയ പരാതി തന്നെ പരസ്പര വിരുദ്ധമാണ്. പദ്ധതിയുടെ 15 കോടി രൂപ ഒരുമിച്ച് അടിച്ചെടുത്തു എന്ന രീതിയിലാണ് ആരോപണങ്ങൾ ഉള്ളത്. കേസിന്റെ സത്യാവസ്ഥ ഭരിക്കുന്നവർ അറിയണമെന്നും അതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.