മുന്‍മന്ത്രി കെ ബാബു ലോക്കറിലെ സാധനങ്ങള്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സിനു ലഭിച്ചു. തൃപ്പുണ്ണിത്തുറ എസ് ബി ടി ശാഖയിലെ സി സി ടി വി ദൃശ്യങ്ങളാണ് വിജിലന്‍സിനു ലഭിച്ചത്. ബാബുവിന്റെ ഭാര്യ ലോക്കറിലെ സാധനങ്ങള്‍ നീക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
പരിശോധനയ്ക്ക് മുമ്പായി ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രേഖകള്‍ കണ്ടെത്തിയത്. ബാങ്ക് രേഖകള്‍ പരിശോധിച്ച വിജിലന്‍സ് ബാങ്ക് അധികൃതരോട് സി സി ടി വി ദൃശ്യങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഓഗസ്റ്റ് മാസത്തില്‍ തൃപ്പുണ്ണിത്തുറ എസ് ബി ടി, എസ് ബി ഐ ബ്രാഞ്ചുകളില്‍ ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകള്‍ കാലിയാക്കിയെന്നാണ് കരുതുന്നത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസത്തിനു ശേഷമായിരുന്നു ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകള്‍ പരിശോധിച്ചത്.