ജന്മാഷ്ടമി ദിനത്തില്‍ ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് ബദലായി അതേ ദിവസം നടത്തീയ ഓണാഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചു എന്ന് ആരോപിച്ച് വെള്ളപ്പള്ളി നടേശനും രംഗത്ത്. ശ്രീനാരായണ ഗുരുവിനെ സിപിഎം അധിക്ഷേപിച്ചെന്നും ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളായി സിപിഎം മാറിയെന്നും വെള്ളപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.
സിപിഎം നടത്തിയ ഘോഷയാത്രയിൽ ശ്രീനാരായണഗുരുവിനെ കുരിശിൽ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യത്തിനെതിരെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതിഷേധം. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ സിപിഎം എന്തും ചെയ്യുന്ന സ്ഥിതിയാണ്. ശ്രീനാരായണീയരുടെ രാഷ്ട്രീയം സിപിഎം തീരുമാനിക്കേണ്ട. സിപിഎമ്മിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സിപിഎം കണ്ണൂരില്‍ നടത്തിയ സാംസ്കാരിക ഘോഷയാത്രയിലാണ് ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച രീതിയിലും മാവേലിക്കൊപ്പമിരുത്തി കഴുത്തില്‍ കയറിട്ട് വലിക്കുന്ന രീതിയിലും നിശ്ച ദൃശ്യങ്ങളുണ്ടായിരുന്നത്. ഘോഷയാത്രയുടെ ദൃശ്യങ്ങളും ചിത്രങ്ങളും സിപിഎമ്മുകാരുടെ ഫെയ്സ്ബുക്ക് പേജുകളിലും പ്രചരിക്കുന്നുണ്ട്.