പുതിയ കൊവിഡ് മാനദണ്ഡങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടിയാണ് ടിപിആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതെന്നും ഇത് അപഹാസ്യമാണെന്നും വിഡി സതീശൻ പറഞ്ഞു.
സിപിഎം ജില്ലാസമ്മേളനങ്ങൾ നടക്കുന്ന കാസർകോട് 36ഉം തൃശൂരിൽ 34ഉം ആണ് ടിപിആർ. കർശന നിയന്ത്രണങ്ങൾ വേണ്ട ഈ രണ്ട് ജില്ലകളെയും എ,ബിസി കാറ്റഗറികളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ തിരുവനന്തപുരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗം ബാധിച്ചിരുന്നു.
സിപിഎം നേതാക്കളും മന്ത്രിമാരും കേരളത്തിൽ മരണത്തിന്റെ വ്യാപാരികളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മൂന്നാം തരംഗത്തിൽ ആരോഗ്യവകുപ്പ് നിശ്ചലമാണ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും വിദഗ്‌ധ സമിതി അധ്യക്ഷനുമെല്ലാം എകെജി സെന്ററിൽ നിന്നും ലഭിക്കുന്ന നിർദേശപ്രകാരമാണ് മാനദണ്ഡങ്ങൾ നിർണയിക്കുന്നതെന്നും ആരോഗ്യമന്ത്രിയെ മൂലക്കിരുത്തിൽ ചിലർ ഭരണം നിയന്ത്രിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.