വയലാര്‍ രവി രാജ്യസഭയിലേക്ക്: സോഷ്യല്‍ മീഡിയകളില്‍ പൊങ്കാല ഇട്ടുതുടങ്ങി

വെള്ളി, 27 മാര്‍ച്ച് 2015 (18:18 IST)
കേരളത്തില്‍ ഒഴിവു വന്ന് മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നിലേക്കായി മുന്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രിയും മുതിര്‍ന്ന കോങ്രസ് നേതാവുമായ വയലാര്‍ രവിയെ പരിഗണിച്ചതിബെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം മുറുകുന്നു. പ്രവാസികാര്യ മന്ത്രിയായിരിക്കെ മലയാളികള്‍ക്കായി ഒന്നു ചെയ്യാതിരുന്ന വയലാര്‍ രവിയെ വീണ്ടും എന്തിനാണ് രാജ്യസഭാ സീറ്റിലേക്ക് വീണ്ടും അയയ്ക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ യുവ കേരളം ചോദിക്കുന്നു. മാത്രമല്ല രവിയെ പിന്‍വലിച്ച് കാര്യപ്രാപ്തിയുള്ളവരെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളിടുന്നവരുടെ ഭൂരിപക്ഷാഭിപ്രായം.

കോണ്‍ഗ്രസിനു കിട്ടിയ രാജ്യസഭാ സീറ്റിലേയ്ക്ക് വയലാര്‍ രവിയെ തന്നെ പരിഗണിക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായ ഘട്ടത്തിലാണ് മുന്‍ പ്രവാസികാര്യ മന്ത്രിക്കെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. മുതിര്‍ന്ന നേതാവായ വയലാര്‍ രവിക്കു തുടരാന്‍ താല്‍പര്യമുള്ള സാഹചര്യത്തില്‍ മറ്റൊരു പേരും ഇവിടെ നിന്നു നിര്‍ദ്ദേശിക്കാനിടയില്ല എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനങ്ങള്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

നിലവില്‍ രാജ്യസഭാംഗമായ വയലാര്‍ രവിയുടെ കാലാവധി ഉടന്‍ അവസാനിക്കുകയാണ്. ഇതു കൂടാതെ രണ്ടു സീറ്റിലേക്കു കൂടി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഏപ്രില്‍ 20നാണ് തെരഞ്ഞെടുപ്പ്. അതേസമയം രാജ്യസഭാ സീറ്റിനായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.  എം ലിജു, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. അതേസമയം രവിയെ രാജ്യസഭയിലേക്കയച്ചില്ലെങ്കില്‍ നിലവിലെ അവസ്ഥയില്‍ താങ്ങാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയില്ല.

നിലവില്‍ തന്നെ ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തുന്നതിനു പിന്നാലെ വയലാര്‍ രവിയും കൂടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് സംസ്ഥാനത്തെ പാര്‍ട്ടിയിലും യുഡിഎഫിലും പ്രതിസന്ധി ഉണ്ടാക്കാനാണ് സാധ്യത. സ്വയം വിരമിക്കാന്‍ പദ്ധതിയില്ലാത്ത രവിയെ രാജ്യസഭയിലേക്കയച്ച് തല്‍ക്കാലം തടിതപ്പാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക