വിഎസ് രാഷ്ട്രീയത്തിലെ ഐറ്റം ഡാന്‍സറാണെന്ന് എഎൻ രാധാകൃഷ്ണൻ
കേരള രാഷ്ട്രീയത്തിലെ ഐറ്റം ഡാന്‍സറാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ. സിനിമ ഹിറ്റാകില്ലെന്നു മനസിലാക്കുമ്പോൾ നിർമാതാക്കൾ അതിൽ സിൽക്ക് സ്മിതയെപ്പോലുള്ളവരുടെ ഐറ്റം ഡാൻസ് കയറ്റും. അതുകൊണ്ട് സിനിമ വിജയിക്കണമെന്നില്ല.
സിപിഎമ്മിന്റെ നമ്പരുകള്‍ വില്‍ക്കാ ചരക്കായതോടെ അച്യുതാനന്ദനെ ഉപയോഗിച്ച് ഐറ്റം ഡാൻസ് അവതരിപ്പിക്കുകയാണെന്ന് രാധാകൃഷ്ണന്‍ പരിഹസിച്ചു. വെള്ളാപ്പള്ളി കള്ളനാണെന്നും വിയ്യൂർ ജയിലിൽ പോകേണ്ടിവരുമെന്നും അദ്ദേഹം പാടി നടക്കുന്നു. അച്യുതാനന്ദന്റെ മകനാണു കേരളത്തിൽ അറിയപ്പെടുന്ന വലിയ കള്ളൻ. വിയ്യൂരിൽ കിടക്കേണ്ടിവരുന്നതു തന്റെ മകനായിരിക്കുമെന്ന് വിഎസ് ഓർക്കണമെന്നും രാധാകൃഷണന്‍ പറഞ്ഞു.
വന്ദ്യവയോധികനായ അച്യുതാനന്ദൻ ആ സംസ്കാരത്തിനു ചേർന്ന രീതിയിലല്ല സംസാരിക്കുന്നത്. മലപ്പുറത്തുപോയി മുസ്‌ലിം ലീഗിനെ വിമർശിക്കാനും വെല്ലുവിളിക്കാനും വിഎസ് തയാറാകില്ല. കാരണം, അവിടെ സിപിഎമ്മും ലീഗും ധാരണയോടെയാണു മൽസരിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.