കൊല്ലം: ഉത്രയെ പാമ്പുകടിച്ച സാഹചര്യങ്ങൾ അസ്വാഭാവികമെന്ന് കോട്ടയം ഫോറസ്റ്റ് വെറ്റനറി അസിസ്റ്റന്റ് ഓഫീസർ ഡോ ജെ കിഷോർ കുമാർ കോടതിയിൽ മൊഴി നൽകി. വിഷം ഉപയോഗിയ്ക്കുന്നതിൽ പിശുക്ക് കാണിയ്ക്കുന്ന പാമ്പാണ് മൂർഖൻ. ഒരാളെ രണ്ടുതവണ കടിച്ചു എന്നത് വിശ്വസിയ്ക്കാനാകില്ല. കടിയേറ്റത് രണ്ടും കയ്യിൽ ഒരേ ഭാഗത്താണ്. കൈകൾ അനങ്ങിയിരുന്നില്ല എന്ന് ഇതിൽനിന്നും വ്യക്തമാണ്. മൂർഖൻ ജനൽ വഴി കയറണം എങ്കിൽ അതിന്റെ മൂന്നിലൊന്ന് ഉയരമുള്ളതായിരിയ്ക്കണം. ഉത്രയെ ആദ്യം കടിച്ച അണലി രണ്ടാംനില കയറി മുകളിലെത്തി എന്നത് ഒരു കാരണവശാലം വിശ്വസിയ്ക്കാനാകില്ല.
ഉത്രയെ പാമ്പുകടിച്ച സാഹചര്യം പരിശോധിച്ച കമ്മറ്റിയിലെ അംഗമായിരുന്നു താനെന്നും സ്വാഭാവികമായി പാമ്പുകടിയേൽക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല എന്നും കിഷോർ കുമാർ കോടതിയിൽ മൊഴി നൽകി. അത്യാസന്ന നിലയിൽ സ്ത്രീയെ കൊണ്ടുവന്നതറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ എന്തോ കയ്യിൽ കടിച്ചു എന്ന് പറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോവുകയായിരുന്നു എന്ന് അഞ്ചൽ സെൻ ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ജീന ബദൽ മൊഴി നൽകി. കൊണ്ടുവന്നപ്പോൾ തന്നെ ജീവന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും കൈകൾ അൽക്കഹോൾ സ്വാബ് കൊണ്ട് തുടച്ചപ്പോൾ പാമ്പുകടിയേറ്റ പാട് കണ്ടെന്നും ജീന കോടതിയിൽ മൊഴി നൽകി.