ലൈഫ് മിഷൻ പദ്ധതിക്കായി സ്വപ്‌നക്ക് പണം നൽകിയതായി യൂണിടാക്‌ ചോദിച്ചത് ആറ് ശതമാനം കമ്മീഷൻ

വ്യാഴം, 20 ഓഗസ്റ്റ് 2020 (13:21 IST)
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സർക്കാർ വകുപ്പുകളിലും ശിവശങ്കർ സഹായം നൽകിയെന്നും യൂണിടാക് ബിൽഡേഴ്‌സ് ഉടമ എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകി.
 
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് രണ്ട് തവണ കമ്മീഷൻ വാങ്ങി. രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍കർക്ക് സൂചന ലഭിച്ചിട്ടുണ്ട്. സ്വപ്‌ന ലോക്കറിൽ സൂക്ഷിച്ച പണം കൈക്കൂലി പണമെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിഗമനം. ഇറുപത് കോടി രൂപയുടെ പദ്ധതിക്കായി നാല് കോടി 35 ലക്ഷം രൂപയും കോഴയായി നൽകേണ്ടി വന്നുവെന്നാണ് യൂണിടാക് ഉടമ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി.
 
ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് പണിയാൻ നിർമാണകമ്പനിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് യൂണിടാക് തുക കൈമാറിയത്. മൊത്തം മൊത്തം 20 കോടി രൂപയുടെ പദ്ധതിയില്‍ ആറ് ശതമാനം കൈക്കൂലിയാണ് സ്വപ്‌ന ആവശ്യപ്പെട്ടത്. തുടർന്ന് ആദ്യഗഡുവായി 55 ലക്ഷം രൂപ സന്ദീപിന്‍റെ ഉടമസ്ഥതയിലുള്ള ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്‍റെ ബാങ്ക്  അക്കൗണ്ടില്‍ ഇട്ടതായി യൂണിടാക് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ യു വി ജോസാണ് സര്‍ക്കാരിന് വേണ്ടി റെഡ്ക്രസന്റ്- ലൈഫ്മിഷന്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍