ബാര്‍കോഴയുമായി ബന്ധപ്പെട്ട് മാണിക്കെതിരെ ഒരു നീക്കവും ഉണ്ടായിട്ടില്ല; മാണി ഉന്നയിച്ച ആരോപണങ്ങള്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി

തിങ്കള്‍, 4 ജൂലൈ 2016 (11:56 IST)
ബാര്‍കോഴയുമായി ബന്ധപ്പെട്ട് കെ എം മാണിക്കെതിരെ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് മാണി ഉന്നയിച്ച ആരോപണങ്ങള്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മാണിക്കെതിരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. യു ഡി എഫിന്റെ അവിഭാജ്യഘടകമാണ് മാണിയെന്നും അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
ഇടതുമുന്നണിയിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ യു ഡി എഫില്‍ തളച്ചിടാനുള്ള ശ്രമമായിരുന്നു ബാര്‍കോഴ ആരോപണമെന്ന് കെ എം മാണി കഴിഞ്ഞദിവസം മനോരമ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, രമേശ് ചെന്നിത്തലയും അടൂർ പ്രകാശും ബാർ ഉടമ ബിജു രമേശുമാണ് ബാർ കോഴ ആരോപണത്തിന് പിന്നിലെന്ന് കാണിച്ച് യൂത്ത് ഫ്രണ്ട് (എം) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക