പിള്ള തലവേദനയാകും: മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും ചര്‍ച്ച നടത്തി

ചൊവ്വ, 27 ജനുവരി 2015 (16:38 IST)
ബാര്‍ കോഴ വിവാദം സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ യുഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി.

ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ തുറന്ന ആരോപണം ഉന്നയിച്ച കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെയുള്ള നടപടികളാകും ബുധനാഴ്‌ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഉണ്ടാകുക. പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വ്യക്തമാക്കിയ സാഹചര്യത്തില്‍ യോഗത്തില്‍ കടുത്ത തീരുമാനങ്ങള്‍ക്ക് സാധ്യത ഉണ്ട്. എന്നാല്‍ പിള്ളയെ പുറത്താക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും മുസ്ലിം ലീഗിനും കടുത്ത എതിര്‍പ്പ് ഉണ്ട്.

പിള്ളയെ മാത്രമായി ശിക്ഷിക്കേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്. പിള്ളയെ പുറത്താക്കാന്‍ ആണ് മുന്നണിയുടെ തീരുമാനമെങ്കില്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെയും നടപടി സ്വീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നുണ്ട്.

ആര്‍ ബാലകൃഷ്ണപിള്ളയെ പുറത്താക്കി അദ്ദേഹത്തിന് ഒരു രക്തസാക്ഷി പരിവേഷം നല്‍കേണ്ടതില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതിനാല്‍ പിള്ളയെ പുറത്താക്കണമെന്ന മാണിയുടെ ആഗ്രഹത്തിന് മങ്ങലേല്‍ക്കാനാണ് സാധ്യതയുള്ളത്. കെഎം മാണി രാജിവെക്കണമെന്ന് മുന്നണിയില്‍ ആരും ഇതുവരെ പരസ്യമായി ആവശ്യപ്പെടാത്തതും പിള്ളയ്ക്ക് സഹായകമാകും. ബുധനാഴ്‌ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിന് മുന്നോടിയായാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെഎം മാണി എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക