ട്രെയിൻ കയറി പൊടിയുന്നത് കാണാൻ പാളത്തില്‍ കല്ലുവച്ചു; യുവാക്കള്‍ അറസ്‌റ്റില്‍
ശനി, 11 മെയ് 2019 (13:11 IST)
ട്രെയിൻ പാളത്തിൽ കരിങ്കല്‍ കയറ്റിവച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്‌റ്റില്‍. ഛത്തീസ്ഗഢ് ജസ്‌പുർ ജില്ലക്കാരായ രൂപേഷ് കുമാർ യാദവ് (21), സലീം ബർള (19) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഒല്ലൂർ റെയിൽവേ സ്‌റ്റേഷന്റെ തെക്കുഭാഗത്തെ സിഗ്നലിനടുത്താണ് സംഭവം. നിലമ്പൂർ - കോട്ടയം പാസഞ്ചർ സ്‌റ്റേഷനിലേക്ക് കയറുന്നതിനിടെ സിഗ്‌നല്‍ തകരാറിലായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഗേറ്റ് കീപ്പറും ജീവനക്കാരനും നടത്തിയ പരിശോധനയില്‍ പാളങ്ങൾ ചേരുന്ന സ്ഥലത്ത് ചെറിയ കല്ലുകൾ കയറ്റിവച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഭാഗത്തേക്കുള്ള പാളത്തിൽ ഒരു വലിയ കല്ലും മറ്റു നാലിടത്തായി ചെറിയ കല്ലുകളും കണ്ടതോടെ ജീവനക്കാര്‍ വിവരം ആർപിഎഫിനെ അറിയിച്ചു.
പൊലീസും സി ആര്‍ പി എഫു നടത്തിയ അന്വേഷണത്തിലാണ് ട്രാക്കിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ട്രെയിൻ കയറി കല്ലുകള്‍ പൊടിഞ്ഞു തെറിക്കുന്നതു കാണാൻ ചെയ്‌തതാണെന്ന് പ്രതികള്‍ പൊലീസിനോട് വ്യക്തമാക്കി.