സംസ്ഥാനത്ത് 47 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വന്നു

തിങ്കള്‍, 15 ജൂണ്‍ 2015 (09:40 IST)
സംസ്ഥാനത്ത് 47 ദിവസത്തെ ട്രോളിംഗ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലായി. നിരോധനം നിലവില്‍ വന്നതോടെ ബോട്ട് യാര്‍ഡുകള്‍ സജീവമായി. അന്യസംസ്ഥാന തൊഴിലാളികള്‍ ഈ മേഖലയിലും സജീവമാണ്. 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനത്തിനു നിരോധനം ബാധകമല്ല.

ട്രോളിംഗ് നിരോധം പ്രാബല്യത്തില്‍ വന്നതോടെ അന്യസംസ്ഥാന ബോട്ടുകള്‍ ഉള്‍പ്പടെ 6,300 ഓളം ബോട്ടുകള്‍ തീരമണഞ്ഞു.
ട്രോളിംഗ് നിരോധം നിലവില്‍ വന്നതോടെ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ കണ്‍ടോള്‍ റൂം വൈപ്പിനില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിരോധനം ലംഘിച്ചു കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെതിരെ ഇനി കര്‍ശന നടപടിയുണ്ടാവും. ഇതോടെ ഫിഷറീസ് ഹാര്‍ബറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഐസ് പ്ളാന്റുകളും ഉടന്‍ ഉത്പാദനം നിര്‍ത്തിവയ്ക്കും. ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കരുതെന്നു തീരത്തു പ്രവര്‍ത്തിക്കുന്ന പമ്പുകളോടു നിര്‍ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക