തിരുവനന്തപുരം: അംഗനവാടിയിലെ കുട്ടികൾക്ക് വിതരണം ചെയ്ത പോഷകാഹാര അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. പോത്തൻകോട് പണിമൂല അൻപത്തിമൂന്നാം നമ്പർ അംഗനവാടിയിലാണ് ചത്ത പള്ളിയുള്ള അമൃതം പൊടി വിതരണം ചെയ്തത്.
ഒരു മാസം മുമ്പ് പണിമൂല സ്വദേശി രതീഷ് കുമാർ - ആതിര ദമ്പതികളുടെ ഒരു വയസുള്ള കുട്ടിക്ക് നൽകിയ പാക്കറ്റിലെ പൊടിയിലാണ് ചത്ത് ദ്രവിച്ചു തുടങ്ങിയ നിലയിൽ പല്ലിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്തപല്ലിയെ കണ്ടെത്തിയത്. മൂന്നു മാസം വരെ കാലാവധിയുണ്ട് ഈ അമൃതം പൊടിക്ക്.
വാമനപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് നവംബർ അവസാന വാരം കൊണ്ടുവന്നതാണ് അമൃതം പൊടി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വേണ്ട പരിശോധന നടത്തി നടപടികൾ എടുക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.