ഈവര്‍ഷം തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 ജനുവരി 2023 (11:35 IST)
2023ല്‍ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പുത്തരിക്കണ്ടം മൈതാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ നൈറ്റ്ലൈഫ് ടൂറിസം സാധ്യത മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാകും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നു. കനകക്കുന്നിലെ ദീപാലങ്കാരങ്ങള്‍ കാണുന്നതിന് രാത്രിയില്‍ പോലും വലിയ തിരക്കുണ്ടാകുന്നു. ഇതെല്ലാം നൈറ്റ് ടൂറിസത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
 
കേരളത്തെ ടൂറിസം സംസ്ഥാനമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ചില രാജ്യങ്ങള്‍ ടൂറിസം കൊണ്ടു മാത്രം വികസിച്ചിട്ടുണ്ട്. കേരളത്തിനും ഈ സാധ്യതയുണ്ട്. 2022ല്‍ കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1,30,80,000 പേരാണ് കേരളത്തിലെത്തിയത്. ഡിസംബര്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ അത് ഒന്നര കോടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍