അക്ഷയ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സന്നദ്ധ സേന: ടോവിനോ തോമസ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍

ശ്രീനു എസ്
തിങ്കള്‍, 11 ജനുവരി 2021 (08:11 IST)
അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനും അതിന്റെ തുടര്‍നടപടികളുടെ വിവരങ്ങള്‍ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേന അംഗങ്ങള്‍ക്ക് ഇ-പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരം ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കോവിഡ് കാലത്ത് സന്നദ്ധ സേന പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരത്തി നാനൂറ്റി മുപ്പത് വ്യക്തികളാണ് സന്നദ്ധസേന അംഗങ്ങളായത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സേനാ അംഗങ്ങള്‍ക്ക് ആദ്യഘട്ട പ്രീ മണ്‍സൂണ്‍ പരിശീലനം നല്‍കിയത്. ഈ ഘട്ടത്തില്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ക്യാമ്പ് നടത്തിപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ സെക്ഷനുകള്‍ ഉള്‍പ്പെടുത്തി. ഏകദേശം 20,429 വ്യക്തികള്‍ പരിശീലനത്തിന്റെ ഭാഗമായി. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ, മത്സര പരീക്ഷകള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് തുടങ്ങിയവ ഗവണ്‍മെന്റ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article