തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതതു റിട്ടേണിങ് ഓഫിസര്‍മാരില്‍നിന്നുള്ള അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
റിട്ടേണിങ് ഓഫിസര്‍ നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്തു പ്രദര്‍ശിപ്പിക്കണം. ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കരുത്. പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചാരണത്തിന് ഉപയോഗിച്ചാല്‍ നടപടിയെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം വാഹന പ്രചാരണമെന്നും കളക്ടര്‍ അറിയിച്ചു. പ്രചാരണത്തിനായി ഉച്ചഭാഷണി ഉപയോഗിക്കുമ്പോള്‍ പൊലിസില്‍നിന്ന് അനുമതി വാങ്ങണം. രാത്രി 10 മുതല്‍ രാവിലെ ആറു വരെയുള്ള സമയം ഉച്ചഭാഷണി പാടില്ല. ഈ സമയത്ത് പൊതുയോഗം, ജാഥ തുടങ്ങിയവയ്ക്കും വിലക്കുണ്ട്.