തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍; നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ 50000 രൂപ വരെ പിഴ

ശ്രീനു എസ്

തിങ്കള്‍, 16 നവം‌ബര്‍ 2020 (19:27 IST)
കോഴിക്കോട് ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നു.
 
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്ന ബോര്‍ഡുകളും ബാനറുകളും പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ളതായിരിക്കണം. അവ കടലാസിലും കോട്ടണ്‍ തുണിയിലും നിര്‍മിക്കാം. കൊടിതോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്- പിവിസി വിമുക്തമാക്കണം. പകരം തുണി, ചണം തുടങ്ങിയവ ഉപയോഗിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കണം. ഡിസ്പോസിബിള്‍ കപ്പുകള്‍, പ്ലസ്റ്റിക് ബോട്ടിലുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കണം. പരസ്യ പ്രചരണങ്ങള്‍ക്ക് പിവിസി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോന്‍, കൊറിയന്‍ ക്ലോത്ത് എന്നിവ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. പരസ്യ പ്രചാരണ ബോര്‍ഡ്/ബാനറുകളില്‍ പിവിസി ഫ്രീ, റീസൈക്ലബിള്‍ എന്ന ലോഗോയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പതിപ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയോ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് പരസ്യ പ്രചരണം നടത്തുകയോ ചെയ്യുന്ന പക്ഷം 50000 രൂപ വരെ പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്. പ്രചരണ ബോര്‍ഡ്/ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ ഉത്തരവില്‍ പ്രചാരണങ്ങള്‍ക്ക് കോട്ടന്‍ തുണി, പേപ്പര്‍, പോളിഎത്തിലീന്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍