സെക്രട്ടേറിയറ്റ് തീപിടിത്തം: വന്‍ അട്ടിമറിയെന്ന് മുല്ലപ്പള്ളി

ശ്രീനു എസ്

ചൊവ്വ, 10 നവം‌ബര്‍ 2020 (11:19 IST)
സെക്രട്ടേറിയറ്റ് തീപിടിത്തം വന്‍ അട്ടിമറിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.
 
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായി തീയിടുകയായിരുന്നു. സര്‍ക്കാരിന്റെ അറിവോടെ നടത്തപ്പെട്ട അട്ടിമറിയാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. പൊലീസിന്റെയും സെക്യൂരിറ്റി സ്റ്റാഫിന്റെയും നിയന്ത്രണം സ്വയം ഏറ്റെടുത്ത ചീഫ് സെക്രട്ടറിയുടെ നടപടി ദുരൂഹമാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തീപിടിത്ത കാരണമായി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിട്ടില്ല.കൂടാതെ സംഭവസ്ഥലത്ത് നിന്നും രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മദ്യക്കുപ്പികള്‍ വരെ ഇപ്പോള്‍ സുലഭമായി കിട്ടുന്ന ഒരു സ്ഥലമായി സെക്രട്ടറിയേറ്റ് മാറിയിയെന്നും അദ്ദേഹം പറഞ്ഞു.
 
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഫയലുകളാണ് കത്തിയത്. അഗ്നിബാധ ഉണ്ടായ സമയത്ത് തന്നെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിപ്പിച്ചുകൊണ്ട് എല്ലാ രേഖകളും പിടിച്ചെടുക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറായില്ല.ചോദിക്കേണ്ടത് പോലെ ചോദിച്ചാല്‍ തത്തപ്പറയുന്നതുപോലെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സത്യം പറയും. നിര്‍ഭയമായി മുന്നോട്ടു പോകാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍