അശ്ലീല സംഭാഷണം: മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചു, നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി

ഞായര്‍, 26 മാര്‍ച്ച് 2017 (14:47 IST)
പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിൽ ലൈംഗിക സംഭാഷണം നടത്തിയതായുള്ള ആരോപണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചു. പാർട്ടിക്കോ മുന്നണിക്കോ ദോഷമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നും താന്‍ ചെയ്യില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റെ വീഴ്ചയല്ലാതെ മറ്റാരുടെയും വീഴ്ചയല്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാവശവും പരിശോധിച്ച ശേഷം നടപടി തീരുമാനിക്കെമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരാതിയുമായെത്തിയ അഗതിയായ വീട്ടമ്മയോട് ഗതാഗത വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രന്‍ നടത്തിയ ലൈംഗീക വൈകൃത സംഭാഷണങ്ങളാണ് മംഗളം ടെലിവിഷന്‍ പുറത്തുവിട്ടത്‍.  
 
പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ ‘ഫോണ്‍ സെക്സ്’ സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. ആരോപണം ശരിയാണെങ്കില്‍ ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മന്ത്രിമാര്‍ക്കെതിരെ സമാന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. 

വെബ്ദുനിയ വായിക്കുക