കൊല്ലത്ത് ട്രയിന്‍ കടന്നുപോയതിനു പിന്നാലെ റെയില്‍പാളം വന്‍ ശബ്ദത്തോടെ പൊട്ടിയടര്‍ന്നു. ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. കൊല്ലം കല്ലും താഴത്ത് റെയില്‍വെ ഗേറ്റിന് 180 മീറ്റര്‍ അകലെ ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം നടന്നത്. പാളം പൊട്ടിയടര്‍ന്നത് സ്ഥലത്ത് നിന്ന് ട്രയിനിന്റെ അവസാന ബോഗിയും കടന്നു പോയതിനു ശേഷമായിരുന്നു.
എറണാകുളത്തേക്ക് പോകുന്ന വേണാട് എക്സ്‌പ്രസ് ആണ് ഈ സമയം പാളത്തില്‍ കൂടെ കടന്നു പോയത്. പാളത്തിന്റെ ഇളകിയ ഭാഗവുമായി 200 മീറ്ററോളം ട്രയിന്‍ സഞ്ചരിക്കുകയും ചെയ്തു. ഒരുമീറ്ററോളം നീളത്തിലാണ് പാളം പൊട്ടിയകന്നത്. വന്‍ ശബ്ദത്തോടെ പാളം പൊട്ടിയത് കേട്ട് നാട്ടുകാരാണ് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചത്.
പൊട്ടിമാറിയ പാളം ജീവനക്കാര്‍ കൂട്ടിയോജിപ്പിച്ച് തല്‍ക്കാലത്തേക്ക് ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടുമാസം മുമ്പും സമാനസംഭവം ഉണ്ടായിരുന്നു. അന്ന് കിളികൊല്ലൂരിന് സമീപത്താണ് പാളം പൊട്ടി മാറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ ഉദ്യാഗസ്ഥര്‍ പറഞ്ഞു.