ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കോന്നിയില്‍ നിന്നും കാണാതായവരെന്ന് സ്ഥിരീകരിച്ചു. മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരെയാണ് ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. സാരമായി പരുക്കേറ്റ മറ്റൊരു പെണ്‍കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മങ്കര- ലക്കിടി റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് പേരൂര്‍ പൂക്കാട്ടുകുന്ന് റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യാത്രക്കാരില്‍ ഒരാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവെള്ളയില്‍ ആതിര എന്ന പേരും മൊബൈല്‍ നമ്പരും എഴുതി വെച്ചിരുന്നു. ഇതില്‍ നിന്നാണ് മരിച്ചത് പത്തനംതിട്ടയില്‍ കാണാതായവരാണ് എന്ന സൂചനയില്‍ എത്തിയത്.
ഈ മാസം പത്തിനാണ് പെൺകുട്ടികളെ കോന്നിയിൽ നിന്നു കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ച് വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ കോന്നി പൊലീസ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.