വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 6.22 കോടി രൂപ മോട്ടോര്‍ വാഹന വകുപ്പ് വസൂലാക്കി. ഒട്ടാകെ 4,48,438 പേര്‍ക്കെതിരെ നടപടി എടുത്തതിലൂടെയാണ് സര്‍ക്കാരിന് ഇത്രയധികം തുക പിഴയിനത്തിലൂടെ ലഭിച്ചത്.
ട്രാഫിക്കിന്‍റെ ചുമതലയുള്ള എ.ഡി.ജി.പി അരുണ്‍ കുമാര്‍ സിന്‍ഹ വെളിപ്പെടുത്തിയതാണിക്കാര്യം. മദ്യപിച്ചു വാഹനം ഓടിച്ചതിനു 15,647 പേര്‍ക്കെതിരെ നടപടി എടുത്തപ്പോള്‍ അമിതവേഗത്തിനു 24,509 പേര്‍ക്കെതിരെ നടപടിയെടുത്തു.
സെറ്റു ബല്‍റ്റ് ധരിക്കാത്തതിനു 33,224 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്ത 1,59,513 പേര്‍ക്കെതിരെയും നടപടിയെടുത്തു. തെറ്റായ ഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിനു 5,086 പേര്‍ക്കെതിരെയും നടപടിയെടുത്തു. ഇതിനൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 7504 പേര്‍ക്കെതിരെയും നടപടിയെടുത്തു.