സെന്‍‌കുമാറിന്റേത് ഭരണഘടനയുടെ വിജയം; സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ശനി, 6 മെയ് 2017 (18:33 IST)
രാജ്യം ഉറ്റുനോക്കിയ നിയമ പോരാട്ടത്തിനൊടുവില്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ടിപി സെന്‍‌കുമാറിനെ പ്രശംസിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും സാമുഹിക പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌.

സെന്‍‌കുമാറിന്റെ വിജയം നമ്മുടെ റിപ്പബ്ലിക്കന്‍ ഭരണഘടനയുടെ വിജയമാണ്. നീതിയെയും വ്യക്തിയുടെ അന്തസിനെയും ജനാധിപത്യത്തിന്റെ എല്ലാ സര്‍ഗാത്മകതയെയും സംരക്ഷിക്കുന്നതിനും ഉയര്‍ത്തിപ്പിടിക്കുന്നതിനും പ്രയോജനകരമാകട്ടെ താങ്കളുടെ ഔദ്യോഗിക ജീവിതത്തിന്റെ രണ്ടാമൂഴമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പ്രിയപ്പെട്ട ശ്രീ. ടി.പി സെന്‍കുമാര്‍,

അഭിനന്ദനം.
ഇത് വേറിട്ടൊരു അഭിനന്ദനമാണ്.
താങ്കളെ ഒരു വീരപുരുഷനായാണ് രാജ്യമാകെ ഇപ്പോള്‍ സ്‌നേഹാദരപൂര്‍വ്വം വീക്ഷിക്കുന്നത്. ഭരണാധികാരിയെ മുട്ടുകുത്തിച്ച ആളെന്ന നിലയില്‍ പലരും താങ്കളെ കാണുന്നു, പ്രശംസിക്കുന്നു.

നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ നിയോഗം ഒന്നുകൊണ്ടുമാത്രമാണ് സംസ്ഥാന പൊലീസ് സേനയുടെ മേധാവിയെന്ന നിലയില്‍ ഔദ്യോഗിക ജീവിതത്തില്‍ ചരിത്രമായി മാറിയ ഈ പുനര്‍ജന്മമുണ്ടായത്.

നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ അവസാന നാളുകളില്‍ വ്യാജ റിപ്പോര്‍ട്ടുകളിലൂടെ മോശമാക്കി പറഞ്ഞയച്ചതിനെതിരെയായിരുന്നു താങ്കളുടെ നിയമപോരാട്ടം. കൃത്യമായി പറഞ്ഞാല്‍ അത് വ്യക്തിപരമായ നേട്ടത്തിനായിരുന്നില്ല. നമ്മുടെ ഭരണഘടന നിധിപോലെ കാത്തുസൂക്ഷിക്കുന്നതാണ് വ്യക്തിയുടെ അന്തസ്. അത് തകര്‍ക്കാന്‍ താങ്കള്‍കൂടി ഭാഗമായ സര്‍ക്കാറില്‍നിന്നുണ്ടായ നീക്കത്തിനെതിരെയായിരുന്നു ആ പോരാട്ടം.

സൈനികനായാലും രാഷ്ട്രീയ പ്രവര്‍ത്തകനായാലും തെരുവില്‍ അന്തിയുറങ്ങുന്നവനായാലും വ്യക്തിയുടെ അന്തസ് അമൂല്യവും മൗലികമായ അവന്റെ അവകാശവുമാണ്. അത് പരിരക്ഷിക്കണമെന്ന് ഉറപ്പുനല്‍കുന്നതാണ് നമ്മുടെ ഭരണഘടന.

താങ്കളുടെ കാര്യത്തില്‍ ആ അന്തസും മൗലികാവകാശവും തകര്‍ക്കപ്പെട്ടു. അത് നിയമവാഴ്ചക്കെതിരായ നടപടിയാണെന്ന് കണ്ടതുകൊണ്ടാണ് സുപ്രിംകോടതി തിരുത്തിച്ചത്. വീണ്ടും പൊലീസ് സേനാ മേധാവിയുടെ പദവിയും അംഗവസ്ത്രങ്ങളും താങ്കള്‍ക്ക് തിരിച്ചുകിട്ടിയത്. ഇറക്കിവിട്ട സര്‍ക്കാറിന്റെ സേനാനായക പദവിയില്‍ താങ്കളെ ഇരുത്തേണ്ടിവന്നത്.

ഇറക്കിവിട്ട പദവി തിരിച്ചുനല്‍കുകയെന്ന മാന്യതയും മര്യാദയും ഉന്നത നീതിപീഠത്തിന്റെ ഉത്തരവില്‍ പാലിക്കുമോയെന്ന ആശങ്ക സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ടായിരുന്നു. അതു വിളിച്ചുപറഞ്ഞ ആളെന്ന നിലയില്‍ പുനര്‍സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കേണ്ടത് വ്യക്തിപരമായ ബാധ്യതയാണെന്നു കരുതുന്നു.

കേരളത്തിന്റെ പൊലീസ് സേനാമേധാവിയുടെ പദവിയിലിരുന്ന് മറ്റൊരു താവളത്തിലേക്ക് നോട്ടമിട്ട ആളാണ് താങ്കളെന്ന് നിയമസഭയില്‍പോലും കുറ്റപ്പെടുത്തിയത് മുഖ്യമന്ത്രിയായിരുന്നു. വ്യക്തിയുടെ അന്തസിനുവേണ്ടി സുപ്രിംകോടതിവരെ സ്വയം വാദിച്ച് വിജയിച്ച എ.കെ.ജിയെപ്പോലുള്ള മനുഷ്യസ്‌നേഹിയായ ഒരാളുടെ അനുയായികൂടിയായ മുഖ്യമന്ത്രി.

താങ്കളുടേതുപോലുള്ള ഒരു തിരിച്ചുവരവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിഷേധിക്കപ്പെട്ട ഒരാളാണ് ഞാന്‍. പാര്‍ട്ടിയുടെ ഉന്നത നീതിപീഠത്തെയും അതിന്റെ ഉത്തരവിനെയും അത് ഉടനടി നടപ്പാക്കണമെന്ന പാര്‍ട്ടി ഭരണഘടനാ വ്യവസ്ഥയെയും പരാജയപ്പെടുത്തിയതിന്റെ അനുഭവമുള്ള ഒരാള്‍.

പക്ഷെ, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ അക്ഷരവും ആത്മാവും കാത്തുസൂക്ഷിക്കുന്ന പരമോന്നത നീതിപീഠമാണ് താങ്കളുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ഈ വ്യത്യസ്തത ഞാന്‍ തിരിച്ചറിയുന്നു.

വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നു പറഞ്ഞ് ചെണ്ടകൊട്ടി ഇരക്കിവിടപ്പെട്ട താങ്കള്‍ കഴിഞ്ഞ പതിനൊന്നുമാസക്കാലം അനുഭവിച്ച അപമാനവും മനോവേദനയും തിക്താനുഭവങ്ങളും മറ്റാരെക്കാളും ഏറെ മനസ്സിലാക്കുന്നു. വീട്ടിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഒരു ഭ്രഷ്ടനെപ്പോലെ കഴിഞ്ഞുകൂടേണ്ടിവരുന്നത്. ജീവിതസായാഹ്നംവരെ മറ്റൊരു ചിന്തയില്ലാതെ സേവനം നടത്തിയിട്ടും വെള്ളംകോരിയ കുടം പിടിച്ചുപറിച്ച് തല്ലിയുടക്കുന്നത്. അതിന്റെ ഈറനില്‍ കുളിച്ച് നിസ്സഹായനെപ്പോലെ നില്‍ക്കേണ്ടിവരുന്നത്.

നിരപരാധിയാണെന്ന് തെളിയിക്കുന്നതിന് നീതിയുടെ കാവലാളുകളുടെ മുമ്പില്‍ മാറിമാറി താണുവണങ്ങുന്നത്. അതിന്റെ വിങ്ങലും തേങ്ങലും കണ്ണീരും മനക്കണ്ണില്‍ കാണാനാകും. ഓരോ വാതിലുകളും പിന്നില്‍ വലിച്ചടക്കപ്പെടുമ്പോള്‍ പെരുവഴിയില്‍ കൂടെനില്‍ക്കാന്‍ സ്വന്തം നിഴല്‍മാത്രമേയുള്ളൂ എന്ന പുതിയ തിരിച്ചറിവും.

എന്നിട്ടും ഇടറാതെ പതറാതെ പരമോന്നത നീതിപീഠത്തിന്റെ പടവുകള്‍ താങ്കള്‍ കയറി. അതിന്റെ വാതിലില്‍ മുട്ടി. ഒടുവില്‍ നീതി നേടിയെടുക്കുകതന്നെ ചെയ്തു. രാജ്യം താങ്കളെ അഭിനന്ദിക്കുകയാണ്.

ഈ ഒറ്റയാള്‍ പോരാട്ടവഴിയില്‍ നേരിട്ട ഒറ്റപ്പെടലും പരിഹാസവും. അതേസമയം നീതിബോധമുള്ളവരുടെ സാന്ത്വനവും മാര്‍ഗദര്‍ശനവും. മനുഷ്യത്വമുള്ളവരുടെ പിന്തുണയും ആശംസകളും. അതെല്ലാം ദൂരെയിരുന്ന് തൊട്ടറിയാന്‍ കഴിയും. ഒടുവില്‍ അന്തിമവിജയം തന്ന ആത്മവീര്യത്തിന്റെ ഊര്‍ജ്ജം സിരകളില്‍ പ്രവഹിക്കുന്നതും.

അതുകൊണ്ടാണ് സ്വന്തം വിജയമെന്നപോലെ ഈ വിജയത്തെ ഏറ്റെടുക്കുന്നത്. താങ്കളുടെ തിരിച്ചുവരവില്‍ ആഹ്ലാദം പങ്കിടുന്നത്.

അറുപതുദിവസം വട്ടംകറക്കി ഈ സാധ്യത തകര്‍ക്കാന്‍ ശ്രമിച്ചവരുടെ കുതന്ത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. അതില്‍ ആശ്വസിക്കുന്നു. എന്നെപ്പോലെ ഒരാള്‍ക്ക് നിഷേധിക്കാന്‍ കഴിഞ്ഞ നീതി താങ്കളെപ്പോലെയൊരാള്‍ക്ക് കയ്യൊപ്പില്‍ പകര്‍ന്നു നല്‍കാന്‍ അതേവ്യക്തിതന്നെ നിര്‍ബന്ധിതനായതുകണ്ട് അക്ഷരങ്ങളില്‍ അമൃത് രുചിക്കുന്നു.

താങ്കളുടെ വിജയം വ്യക്തിപരമായ നേട്ടമോ മറ്റാരുടെയെങ്കിലും ദാനമോ വിട്ടുവീഴ്ചയോ അല്ല. ജനാധിപത്യവും മൗലികാവകാശങ്ങളും അക്ഷയപാത്രമായി സൂക്ഷിക്കുന്ന നമ്മുടെ റിപ്പബ്ലിക്കന്‍ ഭരണഘടനയുടെ വിജയമാണ്. ജനാധിപത്യത്തിന്റെ സുതാര്യതയുടെ പ്രകാശനമാണ്. നീതിയെയും വ്യക്തിയുടെ അന്തസിനെയും ജനാധിപത്യത്തിന്റെ എല്ലാ സര്‍ഗാത്മകതയെയും സംരക്ഷിക്കുന്നതിനും ഉയര്‍ത്തിപ്പിടിക്കുന്നതിനും പ്രയോജനകരമാകട്ടെ താങ്കളുടെ ഔദ്യോഗിക ജീവിതത്തിന്റെ രണ്ടാമൂഴം.

അതിനെതിരെ ഏതു മേധാശക്തിയില്‍നിന്നും ഏതുതരം ഗൂഢാലോചനയും വെല്ലുവിളിയും ഉണ്ടായാലും അതിനെ പരാജയപ്പെടുത്താനുള്ള മനക്കരുത്തും ആത്മവിശ്വാസവും താങ്കള്‍ക്ക് ഉണ്ടാകട്ടെ.

സ്‌നേഹപൂര്‍വ്വം,
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

വെബ്ദുനിയ വായിക്കുക