സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ആയി ടി പി ദാസനെ നിയമിച്ചേക്കും. അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പശ്ചാത്തലത്തിലാണ് ദാസനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
നേരത്തെ മുന്‍ എം എല്‍ എ, വി ശിവന്‍കുട്ടിയുടെ പേര് സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൌണ്‍സില്‍ അധ്യക്ഷനായിരുന്നു ടി പി ദാസന്റെ തന്നെ പേര് പിന്നീട് വരികയായിരുന്നു.
സ്പോര്‍ട്സ് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടി പി ദാസനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഞ്ജു ബോബി ജോര്‍ജും വാര്‍ത്താസമ്മേളനം നടത്തിയ മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
അതേസമയം, സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ രാജി വെച്ചെങ്കിലും സ്ഥാനമൊഴിയേണ്ടെന്ന് യു ഡി എഫ് നിയമിച്ച ജില്ല സ്പോര്‍ട്സ് കൌണ്‍സിലുകള്‍ തീരുമാനിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് ജില്ല സ്പോര്‍ട്സ് കൌണ്‍സിലുകള്‍ പുനസംഘടിപ്പിക്കപ്പെട്ടത്.