അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. വിജിലന്‍സ് ഡയറക്ടര്‍ ഇതു സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കി. വിജിലന്‍സ് ഡയറക്ടന്‍ നല്‍കിയ ശുപാര്‍ശക്കത്ത് ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറിയതായാണ് വിവരം. ഇതോടെ സൂരജിന്റെ സസ്പെന്‍ഷന്‍ ഉടന്‍ ഉണ്ടായേക്കും. സംഭവവുമായി ബന്ധപ്പെട്ട് സൂരജിനെ ഉടന്‍ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ടി.ഒ.സൂരജിന്റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സൂരജിന്റെ വസ്തുക്കളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച 140 ലധികം രേഖകളാണ് കോടതിയില്‍ ഹാജരാക്കിയത്. പിടിച്ചെടുത്ത ചെക്ക് ബുക്കുകളും കോടതിയിലെത്തിച്ചിരുന്നു. എറണാകുളം വിജിലന്‍സ് എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് രേഖകള്‍ കോടതിയിലെത്തിച്ചത്. കേസില്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് നീക്കം.
അതിനിടെ സൂരജ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു ശ്രമിക്കുന്നതായും വിജിലന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സൂരജിന്റെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്ന് ലഭ്യമായ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ച് ബാന്കുകള്‍ക്ക് ഇവ മരവിപ്പിക്കാനുള നിര്‍ദ്ദേശവും വിജിലന്‍സ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 10 ബാങ്ക് അക്കൌണ്ട് രേഖകളാണു വിജിലന്‍സിനു ലഭിച്ചത്.
അതേസമയം, വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ടിഒ സൂരജിനെതിരായ അന്വേഷണവുമായി മുന്നോട്ട് പോവും. അഴിമതിക്കെതിരായ യുഡിഎഫ് നിലപാടില്‍ അഭിപ്രായ വ്യത്യാസമില്ല. സൂരജിനെതിരായ നടപടിയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.