തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് കടുത്ത നിയന്ത്രണം

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (09:07 IST)
പുലികളിയോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. പകല്‍ 12 മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിങ് അനുവദനീയമല്ല. പൊതു വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കാതെ ഔട്ടര്‍ സര്‍ക്കിളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കണം. സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ തൃശൂര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുക. 
 
വൈകിട്ട് നാല് മുതലാണ് പുലികളി. വിവിധ പുലികളി സംഘങ്ങള്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ അണിനിരക്കും. വൈകിട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി-പട്ടികവര്‍ഗ-ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു മുഖ്യാതിഥിയാകും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂര്‍ കലാസദന്‍ ഒരുക്കുന്ന മ്യൂസിക്ക് ഷോയോടെ പരിപാടികള്‍ക്ക് തിരശീല വീഴും. 
 
വര്‍ഷങ്ങളായി സാംസ്‌കാരിക നഗരിയായ തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാരൂപമാണ് പുലികളി. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ സംഘങ്ങളും തങ്ങളുടെ പുലികളെ നഗരത്തിലിറക്കുക. രാവിലെ മുതല്‍ തന്നെ പുലികളിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മണിക്കൂറുകളെടുത്താണ് പുലികളിയുടെ ചായംപൂശല്‍ നടക്കുക. പുലികളിയോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍