കണിമംഗലം ശാസ്‌താവ്‌ എഴുന്നള്ളി; പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് തുടക്കം

ഞായര്‍, 17 ഏപ്രില്‍ 2016 (10:59 IST)
ആശങ്കകളുടെ കാര്‍മേഘമൊഴിഞ്ഞ വടക്കുംനാഥന്റെ തിരുനടയില്‍ കൊട്ടിക്കയറുകയാണ് പൂരത്തിന്റെ ലഹരി. കാലത്ത് മുതല്‍ തന്നെ ഘടകക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളുടെ വരവായിരുന്നു ക്ഷേത്രത്തിലേയ്ക്ക്. അച്ഛനെ വണങ്ങാന്‍ കണിമംഗലം ശാസ്താവാണ് ആദ്യമെത്തിയത്. 11 മണിയോടെ അന്നമനട പരമേശ്വരൻ മാരാർ നയിക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. തിരുവമ്പാടി ശിവസുന്ദറാണ് തിടമ്പേറ്റുന്നത്. 12 മണിയോടെ പാറമേക്കാവിലമ്മ പാറമേക്കാവ് പദ്മനാഭന്‍റെ പുറത്തേറി എഴുന്നള്ളും.

പന്ത്രണ്ട് മണിക്ക് പാറമേക്കാവിന്റെ ചെമ്പടയും പാണ്ടിമേളവും അരങ്ങേറും. രണ്ട് മണിക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍ മാരാണ് പ്രമാണി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലാണ് തിരുവമ്പാടിയുടെ മേളം. വൈകീട്ട് അഞ്ചിന് തെക്കേ ഗോപുരം കടന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് വര്‍ണക്കുടകള്‍ ഉയര്‍ത്തും. കുടമാറ്റം കഴിയുമ്പോഴേക്കും രാത്രി പൂരത്തിന് തുടക്കമാകും. ഘടക പൂരങ്ങളെല്ലാം വീണ്ടും വടക്കുന്നാഥനില്‍ എത്തും. ഇവിടെ പാറമേക്കാവിന്‍റെ രാത്രി പഞ്ചവാദ്യം അരങ്ങേറും.

പുലര്‍ച്ചെയാണ് ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട്. പാറമേക്കാവിനെ ചാലക്കുടിക്കാരന്‍ സെബിന്‍ സ്റ്റീഫനും തിരുവമ്പാടിയെ മുണ്ടത്തിക്കോട് സതീശനും നയിക്കും. തിങ്കളാഴ്ച ഉച്ചയോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുനാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാനമാകും

കാലത്ത് അഞ്ച് മണിക്ക് തന്നെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആയിരക്കണക്കിന് ആളുകള്‍ പൂരത്തിന് സാക്ഷികളാവാന്‍ വടക്കുംനാഥന്റെ മുന്നില്‍ കാത്തിരിപ്പുണ്ട്. കടുത്ത ചൂടാണ് പൂരപ്രേമികളെ ആശങ്കയിലാക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക