തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്: നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ
വെള്ളി, 28 ഏപ്രില്‍ 2023 (09:07 IST)
തൃശൂര്‍ പൂരത്തിന് മുന്നോടിയായുള്ള പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴിന് തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തുക. പിന്നാലെ പാറമേക്കാവ് വിഭാഗത്തിന്റെ കരിമരുന്ന് പ്രയോഗം നടക്കും. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. ഇരു ദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനം ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് തൃശൂര്‍ പൂരം.
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന 28.04.2023 വെള്ളിയാഴ്ച രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല.
ഉച്ചക്ക് 3 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കണം.
വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും നിയമാനുസൃത അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ.
സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ളതും നിര്‍മ്മാണാവസ്ഥയിലുള്ളതും കൈവരികളും കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളില്‍ കാണികള്‍ കയറുന്നതു നിരോധിച്ചിരിക്കുന്നു.
വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലേക്ക് വരുന്ന ജനങ്ങള്‍, റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായി വാഹനം പാര്‍ക്കുചെയ്യാവുന്ന ഗ്രൌണ്ടുകളില്‍ പാര്‍ക്കുചെയ്യേണ്ടതാണ്. തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാര്‍ക്കിങ്ങ് ഗ്രൌണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ ഈ സേവനം പ്രയോജനപ്പെടുത്തണം. നിയമലംഘനം നടത്തി അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്ന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
സാമ്പിള്‍ വെടിക്കെട്ട് ദിവസം സ്വരാജ് റൗണ്ടിനു പുറത്തുള്ള സ്ഥലങ്ങളില്‍ ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി ഒരു അസി. കമ്മീഷണറുടെ കീഴില്‍, ആറ് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കാല്‍നട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്നു.
ജനക്കൂട്ടത്തിനിടയില്‍ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, മോഷണം, പോക്കറ്റടി, പിടിച്ചുപറി എന്നിവ ഇല്ലാതാക്കാന്‍ ഷാഡോ പോലീസിനേയും, പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരേയും, വനിതാ പോലീസുദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളും, പൂരം എക്‌സിബിഷന്‍, തേക്കിന്‍കാട് മൈതാനം, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു.
അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കുന്നതിനും, പൊതുജനങ്ങള്‍ക്ക് കൃത്യമായ അറിയിപ്പുകള്‍ നല്‍കുന്നതിനും മൈക്ക് അനൌണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തേക്കും സന്ദേശങ്ങള്‍ നല്‍കാന്‍ കഴിയും. ജനങ്ങള്‍ക്ക് നല്‍കുന്ന അറിയിപ്പുകള്‍ മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. തൃശൂര്‍ സിറ്റി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കിവരുന്നുണ്ട്.
തൃശൂര്‍ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയ്യറ്ററിനു സമീപമുള്ള ചെമ്പോട്ടില്‍ ലൈന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, ഈ റോഡില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകുവാന്‍ പാടുള്ളതല്ല.
പൂരം സാമ്പിള്‍ വെടിക്കെട്ട്, ആനച്ചമയം പ്രദര്‍ശനം, തൃശൂര്‍ പൂരം എന്നീ ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആംബുലന്‍സ് സര്‍വ്വീസുകളും ലഭ്യമാണ്. ഏതു അടിയന്തിര സാഹചര്യത്തേയും നേരിടുന്നതിനുവേണ്ടി സജ്ജമായിരിക്കാന്‍ നഗരത്തിലെ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വരാജ് റൌണ്ടില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന പ്രദേശത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മൂന്ന് പെട്രോള്‍ ബങ്കുകളില്‍ വെടിക്കെട്ട് നടക്കുന്ന ദിവസങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കുവാന്‍ ഉടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളും സമീപവാസികളും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.
ഗതാഗത ക്രമീകരണം
പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം, ഫാത്തിമ നഗര്‍, ITC ജംഗ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തന്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, കാട്ടൂക്കാരന്‍ ജംഗ്ഷന്‍, ശവക്കോട്ട, ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഫാത്തിമ നഗര്‍, ITC ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി ഭാഗത്ത് നിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെന്പുക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെന്പുക്കാവ് ജംഗ്ഷന്‍, രാമനിലയം, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ തിരികെ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണ പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണ പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബാലഭവന്‍ വഴി ടൌണ്‍ ഹാള്‍ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും, ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോള്‍ സിവില്‍ ലൈന്‍, അയ്യന്തോള്‍ ഗ്രൌണ്ട്, ലുലു ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോര്‍ട്ടില്‍ നിന്ന് കാല്‍വരി റോഡ് വഴി തിരിഞ്ഞ് തോപ്പിന്‍ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതല്‍ വെസ്റ്റ് ഫോര്‍ട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സര്‍വ്വീസ് നടത്തേണ്ടതാണ്
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തന്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നു തിരികെ കണ്ണം കുളങ്ങര , ചിയ്യാരം കൂര്‍ക്കഞ്ചേരി വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. ഈ സമയം കണ്ണംകുളങ്ങര കസ്തൂര്‍ബാ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും വാഹനങ്ങള്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ പാടില്ലാത്തതാണ്.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട ചെറു വാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുകര വഴി പോകേണ്ടതാണ്
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് മണുത്തി ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും വലത്തോട്ട് തിരഞ്ഞ് ചിയ്യാരം വഴി പോകേണ്ടതാണ്
ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുണ്ടൂപാലം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരന്‍ ജംഗ്ക്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും, ട്രയലറും ഒഴികെയുള്ള വാഹനങ്ങള്‍ പെന്‍ഷന്‍ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂര്‍ പാലം വഴി, പവര്‍ ഹൌസ്, പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയിലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂര്‍ പാലം വഴി, പവര്‍ഹൌസ്, പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്
കണിമംഗലം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും നെടുപുഴ പോലീസ് സ്റ്റേഷന്‍ വഴി തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂല വഴി പോകേണ്ടതാണ്
ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിള്‍സും കൂര്‍ക്കഞ്ചേരി സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെടുപുഴ പോലീസ് സ്റ്റേഷന്‍ വഴി വടൂക്കര , തോപ്പിന്‍മൂല വഴി പോകേണ്ടതാണ്.
ജൂബിലി ജംഗ്ഷന്‍ വഴി വരുന്ന കൂര്‍ക്കഞ്ചേരി പോകുന്ന എല്ലാ ലൈറ്റ് വാഹനങ്ങളും മിഷന്‍ ക്വാര്‍ട്ടേഴ്‌സ് വഴി ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജംഗ്ഷനിലെത്തി കൂര്‍ക്കഞ്ചേരിയിലേക്ക് പോകേണ്ടതാണ്.
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യര്‍ റോഡിലൂടെ പൂത്തോള്‍ വഴി കെ.എസ്. ആര്‍.ടി.സി സ്റ്റാന്റില്‍ പ്രവേശിക്കണ്ടതുമാണ്.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി K.S.R.T.C ബസ്സുകള്‍ ശക്തന്‍ തന്പുരാന്‍ സ്റ്റാന്‍ഡില്‍ താല്‍ക്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ഷൊര്‍ണ്ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന KSRTC ബസുകള്‍ സ്വരാജ് റക്ഖണ്ടില്‍ പ്രവേശിക്കാതെ ITC ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട്, അശ്വനി ജംഗ്ക്ഷന്‍, കോലോത്തുംപാടം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
നഗരത്തില്‍ പാര്‍ക്കിങ്ങിന് അനുയോജ്യമായ സ്ഥലങ്ങള്‍.
സ്വകാര്യ പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയോടുകൂടി മാത്രം പാര്‍ക്ക് ചെയ്യുക