കോളേജ് യൂണിഫോമിൽ മീൻവിറ്റ ഹനാന് പിന്തുണയുമായി മന്ത്രി തോമസ് ഐസക്. കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. "കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. സത്യം അറിയാതെ അവളെ കുറ്റം പറഞ്ഞവർ, തെറ്റുതിരുത്തുന്ന കാഴ്ചയും സോഷ്യൽ മീഡിയയിൽ കണ്ടു. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതൽ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊർജത്തിന്റെ ഉറവിടമാകട്ടെ." എന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
മന്ത്രി തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ രൂപം:-
ഒന്നാന്തരമൊരു സംരംഭകയ്ക്കു വേണ്ട ഗുണങ്ങളെല്ലാം ഹനാൻ എന്ന കൊച്ചുമിടുക്കിയ്ക്കുണ്ട്. സിനിമാമോഹം, ആങ്കറിംഗ്, പാചകം, കച്ചവടം എന്നിങ്ങനെ ഹനാൻ കൈവെയ്ക്കാത്ത മേഖലകളില്ല. ആലുവ മണപ്പുറം ഫെസ്റ്റിലെ ചെറുകിട കർഷകരുടെ സ്റ്റാളിലേയ്ക്കുള്ള രംഗപ്രവേശം മുതൽ മീൻ കച്ചവടത്തിന്റെ കാര്യത്തിൽവരെ, ഇടിച്ചുകയറി സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന തന്റേടിയായൊരു സംരംഭകയുടെ ചുറുചുറുക്ക് ദൃശ്യമാണ്.
മീൻകച്ചവടത്തിനിറങ്ങിയപ്പോൾ നടത്തിയ മുന്നൊരുക്കത്തെക്കുറിച്ചു കേൾക്കുമ്പോൾ ആ കൈയൊന്നു പിടിച്ചു കുലുക്കി, മിടുക്കിയെന്ന് ആരും പറഞ്ഞുപോകും. വലക്കാരോടും വള്ളക്കാരോടുമൊപ്പം മീൻ കച്ചവടം നടത്തിയതും അതിനിടയ്ക്ക് അമാന്യമായി പെരുമാറിയൊരു ചേട്ടനെ നൈസായി ഒഴിവാക്കിയതുമൊക്കെ എത്ര രസമായാണ് ആ കുട്ടി വിവരിക്കുന്നത്.
കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. സത്യം അറിയാതെ അവളെ കുറ്റം പറഞ്ഞവർ, തെറ്റുതിരുത്തുന്ന കാഴ്ചയും സോഷ്യൽ മീഡിയയിൽ കണ്ടു. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതൽ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊർജത്തിന്റെ ഉറവിടമാകട്ടെ.