തൃപ്പൂണിത്തുറയില്‍ മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ ആര്‍എസ്എസ് രംഗത്തെത്തിയതോടെ ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. കൂടാതെ കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകരായ അലി അക്ബർ കൊടുവള്ളിയിലും രാജസേനൻ നെടുമങ്ങാടും നടൻ ഭീമൻ രഘു പത്താനപുരത്തും ബിജെപി സ്ഥാനാർഥിയാകും.
ഡല്‍ഹിയിലെത്തിയ ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ആസ്ഥാനത്തു വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന നേതാക്കളോടൊപ്പമാണ് ശ്രീശാന്ത് തലസ്ഥാനത്തെത്തിയത്. ശ്രീശാന്തിന് ബി ജെ പി അംഗത്വവും ലഭിച്ചു. എന്നാല്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ മണ്ഡലത്തില്‍ ശ്രീശാന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. തുറവൂര്‍ വിശ്വംഭരനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ഇവരുടെ ആവശ്യം.
തിരുവനന്തപുരത്ത് നടൻ സുരേഷ് ഗോപിയെ മൽസരിപ്പിക്കാനായിരുന്നു ബിജെപി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനോട് സുരേഷ് ഗോപിക്ക് താൽപര്യമില്ലായിരുന്നു. ഇതേ തുടർന്ന് ഇവിടെ ആരെ മൽസരിപ്പിക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. മത്സരിക്കാന്‍ ശ്രീശാന്ത് തയ്യാറായതോടെയാണ് ഈ അനിശ്ചിതത്വം നീങ്ങിയത്. കേരളത്തിന്റെ മുഖഛായ മാറ്റാൻ ശ്രമിക്കുമെന്ന് ശ്രീശാന്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കൂടുതൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.