ക്ലാസ് സമയത്ത് സ്കൂളില്‍ കയറി അദ്ധ്യാപികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മേനംകുളം, കല്‍പന കോളനി തുമ്പവിളാകം ലക്ഷം വീട്ടില്‍ വിഷ്ണു എന്ന പത്തൊന്‍പതുകാരനാണു പൊലീസ് പിടിയിലായത്.
കഴിഞ്ഞ മാസം പതിനെട്ടിനു ചിറ്റാറ്റുമുക്ക് സെന്‍റ് വിന്‍സെന്‍റ് ഹൈസ്കൂളിലായിരുന്നു സംഭവം. ക്ലാസിലെ ഭീഷണിയും മറ്റും ഉണ്ടായതോടെ കുട്ടികള്‍ ബഹളം വച്ചു. ഇത് കേട്ട് സമീപ ക്ലാസുകളിലെ അദ്ധ്യാപകരും ജീവനക്കാരും എത്തിയപ്പോള്‍ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.
ഒളിവിലായ പ്രതിയെ കഠിനംകുളം എസ് ഐ സജീവും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.