കൺവിക്ട് നമ്പർ 975. ആറ്റിങ്ങൽ ഇരട്ടക്കൊല കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിനോ മാത്യുവിന് ജയിലില്‍ ലഭിച്ച നമ്പറാണിത്. ഈ നമ്പറിന്റെ ഒരു കുറവു മാത്രമേ ടെക്നോപാർക്കിൽ നിനോക്ക് ഉണ്ടായിരുന്നുള്ളു. ടെക്നോപാർക്കിൽ ചെയ്തിരുന്ന അതേ ജോലി തന്നെ പൂജപ്പുര സെൻട്രൽ ജയിലിലും അദ്ദേഹത്തിനു ലഭിച്ചു. ജയിൽ കംപ്യൂട്ടർവൽക്കരണത്തിലെ മുഖ്യപങ്കാളി. ഇതിനു മുമ്പ് നാലു മാസം വിചാരണത്തടവുകാരനായി ഇവിടെ കഴിഞ്ഞപ്പോളും ഇതു തന്നെയായിരുന്നു ജോലി. ഇന്നലെ സെൻട്രൽ ജയിൽ കന്റീനിലെ കംപ്യൂട്ടർവൽക്കരണത്തിന്റെ താൽക്കാലിക ചുമതല നിനോയെ ഏൽപ്പിച്ചു.
ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും ഉള്ള വൈദഗ്ധ്യം കുറഞ്ഞ കൂലിയിൽ പരമാവധി മുതലാക്കുക എന്ന ഉദ്ദേശമാണ് ജയിൽ ഉദ്യോഗസ്ഥർക്ക്. നമ്പർ പതിച്ച ജയിൽവേഷം ധരിക്കുന്ന വ്യത്യാസം മാത്രമേ ഇപ്പോള്‍ നിനോ മാത്യുവും പ്രകടമാക്കുന്നുള്ളൂ. മാന്യമായ പെരുമാറ്റമാണ് ജയിലിനുള്ളിൽ പ്രതി നടത്തുന്നത്. സാധാരണ തടവുകാരനായാണു ജയിലിലെ ഒന്നാം നമ്പർ ബ്ലോക്കിൽ നിനോയെ പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് എട്ടു തടവുകാർ കൂടി ഇവിടെ നിനോയ്ക്ക് കൂട്ടായിട്ടുണ്ട്.
പുതിയ ജയിൽ ചട്ടപ്രകാരം വധശിക്ഷ നടപ്പിലാക്കാൻ വിചാരണ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കുന്നതുവരെ ഇത്തരം തടവുകാരെ മറ്റു സാധാരണ ശിക്ഷാ പ്രതികളെ പോലെ കണക്കാക്കണമെന്നാണു ചട്ടമെന്നു ജയിൽ അധികൃതർ വ്യക്തമാക്കി. വധശിക്ഷയിൽ ഇളവു വേണമെന്ന ദയാഹർജി രാഷ്ട്രപതി തള്ളിയ ആന്റണി എന്ന പ്രതി മാത്രമാണ് ഇവിടെ ഏകാന്ത തടവുകാരനായിട്ടുള്ളത്. നിനോ മാത്യുവിന്റെ ഹർജി മേൽക്കോടതികളും രാഷ്ട്രപതിയും തള്ളി ശിക്ഷ നടപ്പിലാക്കാൻ കോടതി ബ്ലോക്ക് വാറന്റ് പുറപ്പെടുവിച്ചാലേ ഇയാളെയും ഏകാന്ത തടവുകാരനാക്കാൻ സാധിക്കുകയുള്ളു.
ഈ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച നിനോ മാത്യുവിന്റെ കാമുകിയും ടെക്നോപാർക്ക് ഉദ്യോഗസ്ഥയുമായ അനുശാന്തിയെ വനിതാ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി. അവര്‍ക്ക് ഇതുവരെ ജോലിയൊന്നും നൽകിയിട്ടില്ല. ഈ ജയിലിൽ കംപ്യൂട്ടർ പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ അതു ലഭിക്കാനും സാധ്യതയില്ല. വനിതാ ജയിലിലെ ഏക ഇരട്ട ജീവപര്യന്തം തടവുകാരിയാണ് അനുശാന്തി.