തിരുവാഭരണ ഘോഷയാത്രയ്ക്ക് രാജപ്രതിനിധി ഉണ്ടാകില്ല

എ കെ ജെ അയ്യർ

ഞായര്‍, 7 ജനുവരി 2024 (11:59 IST)
പത്തനംതിട്ട: പന്തളം കൊട്ടാരത്തിലെ കുടുംബാംഗമായ അംബിക തമ്പുരാട്ടിയുടെ നന്ദിനി -76) നിര്യാണത്തെ തുടർന്ന് ഇത്തവണത്തെ ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധി ഉണ്ടാകില്ല.  തിരുവാഭരണ ഘോഷയാത്രാ ചടങ്ങുകളിലും മാറ്റമുണ്ടാകും.
 
പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ തെക്കേ മുറി കൊട്ടാരത്തിലെ ചോതിനാൾ അംബിക തമ്പുരാട്ടിയാണ് നിര്യാതയായത്. മൂലം തിരുനാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ഇല്ലത്ത് ശങ്കര നാരായണൻ നമ്പൂതിരിയുടെയും മകളാണിവർ. ഭർത്താവ് മാവേലിക്കര ഗ്രാമത്തിൽ പത്മവിലാസം കൊട്ടാരം കുടുംബാംഗം നന്ദകുമാർ വർമ്മയാണ്.
 
ജനുവരി 13 നു പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമെങ്കിലും രാജപ്രതിനിധിയും പരിവാരങ്ങളും പല്ലക്ക് വാഹകരും ഉണ്ടാകില്ല.  രാജ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ നടക്കേണ്ട ചടങ്ങുകളും ഒഴിവാക്കും.  തിരുവാഭരണങ്ങൾ ക്ഷേത്രത്തിലേക്ക് മാറ്റി ദർശനത്തിനും വയ്ക്കില്ല. ഇതിനു പകരം ശുദ്ധി വരുത്തിയ മറ്റൊരു സ്ഥലത്തേക്ക് തിരുവാഭരണ പേടകം മാറ്റി തുറക്കാതെ തന്നെ ദർശന സൗകര്യം ഒരുക്കും.
 
തിരുവാഭരണ പേടകം പുറത്തെടുക്കുന്നതു മുതൽ ഘോഷയാത്ര പുറപ്പെടുന്നതു വരെയുള്ള ചടങ്ങുകൾ കൊട്ടാരത്തിലെ അശുദ്ധി ഇല്ലാത്ത മറ്റ് അംഗഗളാകും നിർവഹിക്കുക. ശബരിമലയിലെ കളഭാഭിഷേകത്തിലും കുരുതിയിലും കൊട്ടാരം തീരുമാനിക്കുന്ന പ്രതിനിധി പങ്കെടുക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍