ജയന്തനെ പാര്‍ട്ടി കൈവിടില്ല; ഈ തെളിവുകള്‍ അത് സൂചിപ്പിക്കുന്നു!
വെള്ളി, 4 നവംബര്‍ 2016 (19:56 IST)
കൂടുതല്‍ പരുക്കേല്‍ക്കുന്നതിന് മുമ്പു തന്നെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും വടക്കേഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്‌തുകൊണ്ട് സിപിഎം താല്‍ക്കാലികമായി തടിയൂരി.
പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തെങ്കിലും കൗൺസിലറായി ജയന്തൻ തുടരുമെന്നത് ശ്രദ്ധേയമായ വിഷയമാണ്. ഇത് പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ വടക്കാഞ്ചേരി പീഡനത്തില്‍ നിന്ന് സിപിഎമ്മിന് വളരെവേഗം രക്ഷപ്പെടാന്‍ സാധിക്കില്ല. പരാതിക്കാരിയായ സ്‌ത്രീയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കുമെങ്കിലും സര്‍ക്കാരില്‍ നിന്ന് ഇടപെടലുകള്‍ ഉണ്ടാകുമോ എന്ന ആശങ്ക നില നില്‍ക്കുന്നുണ്ട്.
ജിഷ പീഡനക്കേസില്‍ പുലിവാലു പിടിച്ച യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്‌ത്രീ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് വ്യക്തമാക്കിയതാണ്. ഈ സര്‍ക്കാര്‍ നയം വടക്കാഞ്ചേരി പീഡനക്കേസില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്ന് കണ്ടറിയണം.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാരിന് ജയന്തനെ കൈവിടണം. അടുത്തിടെയായി തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ വട്ടം തിരിയുന്നുണ്ട്. ഇപി ജയരാജന്റെ രാജി, കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ ആരോപണം എന്നിവ സര്‍ക്കാരിന്റെ നിറം കെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും വിവാദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ജയന്തനെ പ്രത്യക്ഷത്തില്‍ കൈവിടുകയല്ലാതെ സിപിഎമ്മിന് മറ്റൊരു മര്‍ഗമില്ല.
തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ ഇന്ന് വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ ജയന്തനെ സസ്പെൻഡ് ചെയ്‌തതായി അറിയിച്ചുവെങ്കിലും ഇദ്ദേഹത്തെ സംരക്ഷിക്കുമെന്ന സൂചനയും നല്‍കി എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തെങ്കിലും കൗൺസിലറായി ജയന്തൻ തുടരുമെന്നതാണ് പ്രധാനം. കൂടാതെ പരാതിക്കാരിയായ സ്‌ത്രീക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനും രാധാകൃഷ്ണന്‍ സമയം കണ്ടെത്തി.
ജയന്തനെതിരായ ആരോപണത്തിൽ വ്യത്യസ്ഥ വാദമുഖങ്ങൾ ഉയർന്നിട്ടുണ്ട്. അതിനാൽ കേസിൽ ജയന്തൻ കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല. ആരോപണങ്ങളെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷിക്കും. കേസിൽ പൊലീസിന്റെ അന്വേഷണവും നടക്കും. പൊലീസ് കുറ്റക്കാരനാണെന്ന് തെളിയിച്ചാൽ ആരെയും പാർട്ടി സംരക്ഷിക്കില്ല. സിപിഎമ്മിനെ ഏതുരീതിയിലും തകർക്കാൻ ശ്രമിക്കുന്ന ചിലർ കെട്ടിച്ചമച്ചതാകാം ഈ ആരോപണമെന്നും രാധാകൃഷ്‌ണൻ കൂട്ടിച്ചേർക്കുന്നുണ്ട്.
ആരോപണം ഉന്നയിച്ച സ്‌ത്രീയുടെ പശ്ചാത്തലം പരിശോധിച്ചാൽ ഇത് കെട്ടിച്ചമച്ചതാകാനുള്ള സാധ്യതയില്ലാതില്ല. പെൺകുട്ടിയും ഭർത്താവും ഒമ്പതു വർഷമായി സ്വന്തം കുട്ടികളെ സംരക്ഷിക്കാത്തവരാണ്. മാതാപിതാക്കൾ വധ ഭീഷണിയുണ്ടെന്നുകാട്ടി ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറയുന്നുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ജയന്തനെ പാര്‍ട്ടി സംരക്ഷിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.