പീഡിപ്പിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തി യുവതി; പീഡിപ്പിച്ചവരില്‍ വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനും സുഹൃത്തുക്കളും

വ്യാഴം, 3 നവം‌ബര്‍ 2016 (12:38 IST)
തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തി യുവതി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്‌മി കഴിഞ്ഞദിവസം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തിലെ യുവതിയാണ് ഭാഗ്യലക്ഷ്‌മിക്കും നടി പാര്‍വതിക്കുമൊപ്പം തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയത്. ഭര്‍ത്താവും യുവതിക്കൊപ്പം എത്തിയിരുന്നു.
 
ഭര്‍ത്താവിന്റെ സുഹൃത്തും വടക്കാഞ്ചേരി കൌണ്‍സിലറും ആയ ജയന്തന്‍, ജയന്തന്റെ സുഹൃത്തുക്കളായ ബിനീഷ്, ജനീഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. പീഡനത്തിനിരയായി രണ്ടു വര്‍ഷത്തിനു ശേഷമാണ് പരാതി നല്കിയത്. എന്നാല്‍, ജനമധ്യത്തില്‍ അപമാനിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. തെളിവെടുപ്പിനെന്ന് പറഞ്ഞ് നാലുദിവസം ജനമധ്യത്തില്‍ അപമാനിച്ചു.
 
മദ്യപാനിയായിരുന്ന ഭര്‍ത്താവ് ഡി - അഡിക്ഷന്‍ സെന്ററില്‍ ആയിരുന്നപ്പോള്‍ ആയിരുന്നു സംഭവം നടന്നത്. ഭര്‍ത്താവ് പുറത്തെത്തിയതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഭാര്യ ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം അവരോട് ചോദിക്കാന്‍ ഭര്‍ത്താവ് ചെന്നു. ഇങ്ങനെ നടന്നിട്ടുണ്ടോ എന്ന്  ചോദിച്ചപ്പോള്‍‍, നിന്റെ ഭാര്യയുടെ ഫോട്ടോയുണ്ട്, നീ അധികം കളിക്കാന്‍ നില്‍ക്കണ്ട, നിന്നെയും പിള്ളാരെയും കൊന്നുകളയും, നിന്നെ വണ്ടികയറ്റി കൊന്നു കളയും എന്നെല്ലാമാണ് പറഞ്ഞത്. സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു, കേസ് കൊടുത്തതു വരെ പൈസയ്ക്കു വേണ്ടിയാണെന്ന് പറഞ്ഞു, മൂന്നരലക്ഷം രൂപയ്ക്ക് വേണ്ടിയാണ് ഇത് പറഞ്ഞതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഈ തുകയ്ക്കു വേണ്ടി ഇങ്ങനെയൊരു കേസ് കൊടുക്കേണ്ട കാര്യമില്ലെന്ന് യുവതി പറഞ്ഞു.
 
മുഖം മറച്ചാണ് യുവതിയും ഭര്‍ത്താവും മാധ്യമങ്ങളെ കണ്ടത്. ബലാത്സംഗം നേരിട്ടതിനേക്കാള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടിയാണ് ഏറെ വേദനിപ്പിച്ചതെന്നും യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക