ബംഗളൂരു ബോംബ് സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് ജയിലിന് അകത്തും പുറത്തും സഹായങ്ങള്‍ ലഭിച്ചുവെന്നു വ്യക്തമായി. ശനിയാഴ്‌ച പിടിയിലായ നസീറിന്റെ സഹായി പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിന്റെ പുക്കാട്ടുപടിയിലുള്ള വീട്ടില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും നസീറിന്റെ കൈവിലങ്ങിന്റെ താക്കോലും കണ്ടെത്തിയിട്ടുണ്ട്. നസീറിനെ കോടതിയിലെത്തിക്കുമ്പോള്‍ രക്ഷപ്പെടുത്താന്‍ കൂട്ടാളികള്‍ പദ്ധതിയിട്ടതായാണ് ലഭിക്കുന്ന വിവരം.
തടിയന്റവിട നസീറിനെ കോടതിയിലെത്തിക്കുമ്പോള്‍ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കൈവിലങ്ങിന്റെ താക്കോല്‍ നിര്‍മിച്ചു സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. താക്കോല്‍ പ്രത്യേകം പണിയിച്ചതാണോ എന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റെയ്‌ഡില്‍ നിന്നു ലഭിച്ച ഫോണ്‍ വിളിയുടെ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
തടിയന്റവിടെ നസീറിനെ കൊണ്ടുപോകുന്ന സ്ഥലങ്ങള്‍ കര്‍ണാടക പൊലീസില്‍ നിന്നു തന്നെയാണ് ചോര്‍ന്നുകിട്ടുന്നതെന്ന് കൂട്ടാളി ഷഹനാസ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഔദ്യോഗിക സാക്ഷികളെയും സ്വാധീനിക്കാന്‍ നസീര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിന് ഒപ്പമുണ്ടായിരുന്ന ഈ സാക്ഷികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കിഴക്കമ്പലം കാച്ചിപ്പിള്ളി ജ്വല്ലറി ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഇന്നലെ കോടതിയില്‍ തടിയന്റവിട നസീറിനെ കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് നസീറിന് ഷഹനാസ് കത്തുകള്‍ കൈമാറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൈമാറിയ കത്തുകളില്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. നസീര്‍ ഇയാള്‍ക്ക് കൈമാറിയ കുറിപ്പുകളും കണ്ടെടുത്തു. ഏഴ് കത്തുകളാണ് പോലീസ് ഷഹ്നാസില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നാലെണ്ണമാണ് നസീര്‍ ഷഹ്നാസിന് കൈമാറിയിട്ടുള്ളത്. ഒന്ന് ഷഹനാസ് നസീറിന് എഴുതിയ മറുപടിയാണ്.