തോട്ടം തൊഴിലാളി സമരത്തില്‍ സമവായം; കുറഞ്ഞ വേതനം 301 രൂപ
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (08:23 IST)
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തുടരുന്ന തോട്ടം തൊഴിലാളി സമരത്തിൽ സമവായം. ബുധനാഴ്‌ച ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് തൊഴിലാളികള്‍ക്ക് 69 രൂപ കൂട്ടാന്‍ ധാരണയായത്. റബ്ബറിന് 317 എന്നത് 381 ആയും ഏലത്തിന് 267 എന്നത് 325 രൂപയായും മിനിമം കൂലി കൂടും. ധാരണയനുസരിച്ച് തേയില തോട്ടം തൊഴിലാളികൾക്ക് 301 രൂപ മിനിമം കൂലി ലഭിക്കും.
നുള്ളുന്ന തേയിലയുടെ അളവ് 21ൽ നിന്ന് 25 കിലോയാക്കി ഉയർത്തും. വെട്ടേണ്ട റബ്ബറുകളുടെ എണ്ണവും സംബന്ധിച്ച് പിന്നീട് ചേരുന്ന പിഎല്‍സി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇതേ തുടര്‍ന്ന് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം പിന്‍വലിച്ചു. മിനിമം വേതനം കൂട്ടുമ്പോള്‍ എത്ര ഉത്പാദനം കൂട്ടണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പിഎല്‍സി പിന്നീട് വീണ്ടും ചേരും. എന്നാൽ, സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കൂവെന്ന് സമരം തുടരുന്ന പൊമ്പിള്ളൈ ഒരുമൈ പ്രവർത്തകർ അറിയിച്ചു.
എല്ലാവരും സഹകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമവായമായതെന്ന് പിഎൽസി യോഗതീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പ്രശ്‌നങ്ങൽ പഠിക്കാൻ ഏകാംഗ കമ്മിഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.