സുരേഷ്‌ ഗോപി - എന്‍എസ്‌എസ്‌ വിഷയത്തില്‍ ബിജെപി സംസ്‌ഥാന നേതൃത്വത്തിന് കേന്ദ്രത്തിന്റെ വിമര്‍ശനം

Webdunia
ചൊവ്വ, 21 ജൂലൈ 2015 (16:32 IST)
ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശനം. നടന്‍ സുരേഷ്‌ ഗോപി എന്‍എസ്‌എസ്‌ ആസ്‌ഥാനത്തെത്തിയപ്പോള്‍ ഉണ്ടായ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ബിജെപി സംസ്‌ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലാണ്‌ വിമര്‍ശനം.

സുരേഷ്‌ ഗോപി എന്‍.എസ്‌.എസ്‌ ആസ്‌ഥാനത്ത്‌ എത്തിയ സംഭവത്തില്‍ എന്‍.എസ്‌.എസ്‌ നേതൃത്വത്തെ വിമര്‍ശിച്ചത്‌ ശരിയായില്ലെന്നും ഇത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും ആയിരുന്നു വിമര്‍ശനം.

എന്‍എസ്‌എസ്‌ ബജറ്റ്‌ സമ്മേളനം നടക്കുന്ന ഹാളില്‍ അനുവാദമില്ലാതെ കയറിയതിനെ തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സുരേഷ്‌ ഗോപിയെ സമ്മേളന ഹാളില്‍നിന്നും ഇറക്കി വിട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ ബിജെപി ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍എസ്‌എസ്‌ ആസ്‌ഥാനത്തിന്‌ മുന്‍പില്‍ ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുകുമാരന്‍ നായരെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.