അവശ്യവസ്തുക്കളുടെ വില ഉയര്‍ത്താന്‍ സപ്ലൈകോ നീക്കം

വെള്ളി, 29 മെയ് 2015 (10:19 IST)
അവശ്യവസ്തുക്കളുടെ വില ഉയര്‍ത്താന്‍ സപ്ലൈകോയില്‍ നീക്കങ്ങള്‍ തുടങ്ങി. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന നഷ്ടം നികത്താനെന്ന ന്യായം പറഞ്ഞാണ് വില ഉയര്‍ത്താന്‍ ശ്രമം നടക്കുന്നത്. പച്ചരിയും പഞ്ചസാരയുമൊഴികെയുളള അവശ്യ വസ്തുക്കള്‍ക്കെല്ലാം ജൂണ്‍ ഒന്നു മുതല്‍ വില കൂട്ടാനാണ് നീക്കം. ഒരു രൂപ മുതല്‍ ഇരുപത്തിയാറു രൂപ വരെയാണ് സപ്ലൈകോ ആവശ്യപ്പെടുന്ന വിലവര്‍ധന.
 
പോയ വര്‍ഷം സബ്സിഡി സാധനങ്ങള്‍ വിറ്റ വകയില്‍ 240 കോടിയുടെ നഷ്ടമുണ്ടായെന്നും വില കൂട്ടിയാല്‍ വരുന്ന വര്‍ഷം ഈ നഷ്ടം 180 മുതല്‍ 200 കോടി വരെയായി കുറയ്ക്കാമെന്നുമാണ് സപ്ലൈകോയുടെ വാദം. കണ്‍സ്യൂമര്‍ഫെഡിലെ പ്രതിസന്ധിക്കു പിന്നാലെ സപ്ലൈകോ കൂടി വില കൂട്ടാന്‍ ഇറങ്ങിയതോടെ ഇതിന്‍റെ പ്രതിഫലനം പൊതുവിപണിയിലും ഉണ്ടാകുമെന്നുറപ്പാണ്.
 
ജയയും മട്ടയും കുറുവയുമടക്കം അരി ഇനങ്ങള്‍ക്കെല്ലാം കിലോയ്ക്ക് ഒരു രൂപ വീതം കൂട്ടിയേക്കും. ചെറുപയര്‍ , കടല , തുവരപരിപ്പ് , വെളിച്ചെണ്ണ, മുളക്, പഞ്ചസാര, പച്ചരി, ഉഴുന്നുപരിപ്പ് തുടങ്ങിയവയ്ക്ക് വിലവര്‍ധിപ്പികണമെന്നും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ പട്ടികയില്‍പ്പെടാത്ത പഞ്ചസാരയും പച്ചരിയുമടക്കം എല്ലാ പലവ്യഞ്ജനങ്ങള്‍ക്കും മാസാമാസം വില കൂട്ടാന്‍ അനുമതി നല്‍കണമെന്നും സപ്ലൈകോ എംഡി ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക