സബര്‍ബന്‍ കേരളത്തില്‍ ഓടിത്തുടങ്ങുമോ?, റയില്‍ ബജറ്റില്‍ പ്രതീക്ഷയോടെ കേരളം

ബുധന്‍, 25 ഫെബ്രുവരി 2015 (15:08 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ് നാളെ അവതരിപ്പിക്കും. ഇത്തവണത്തെ ബജറ്റില്‍ കേരളം ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിട്ടുണ്ട്. കേന്ദ്രപങ്കാളിത്തത്തോടെയുളള സബര്‍ബന്‍ പദ്ധതി പ്രഖ്യാപിക്കുമോയെന്നാണ് ബജറ്റില്‍ കേരളം ഉറ്റുനോക്കുന്നത്. ഇത്തവണ സബര്‍ബന്‍ റെയില്‍വേയ്ക്കായി കേന്ദ്രഫണ്ട് നീക്കി വെക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. പ്രത്യേകസോണ്‍ വേണമെന്ന ആവശ്യം കേരളം വീണ്ടുമുന്നയിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാകാന്‍ സാധ്യതയില്ല. 
 
കൂടുതല്‍ ട്രയിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിക്കാന്‍ ഇടയില്ല എന്നാണ് അറിയുന്നത്. ട്രയിന്‍ ഓടിക്കാന്‍ പാതയില്ല എന്നതാണ് കാരണം. എന്നാല്‍ പാതയിരട്ടീപ്പിക്കല്‍, പുതിയ പാതകള്‍ എന്നിവയ്ക്ക് കേന്ദ്രത്തിന്റെ പരിഗണന ലഭിക്കുമോയെന്ന് കേരളം കാത്തിരിക്കുന്നു. എന്നാല്‍ ഇത്തവണ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് കൂടുതല്‍ മുന്‍‌ഗണന കൊടുത്തേക്കുമെന്നാണ് മന്ത്രാലയങ്ങളില്‍ നിന്ന് വരുന്ന സൂചനകള്‍.
 
അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കൂടുതല്‍ റെയില്‍പ്പാതകളും ട്രെയിനുകളും ഇത്തവണ പ്രഖ്യാപിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ഈ റെയില്‍ ബജറ്റില്‍ പ്രത്യേകപരിഗണന നല്‍കിയേക്കും. വലിയ പദ്ധതിപ്രഖ്യാപനങ്ങള്‍ ഒഴിവാക്കി നിലവിലുളള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഈ റെയില്‍ ബജറ്റ് ഊന്നല്‍ നല്‍കിയേക്കുമെന്നാണ് കരുതുന്നത്.
 
ഡീസല്‍ വില പലപ്പോഴായി ലിറ്ററിന്മേല്‍ 17 രൂപ കുറച്ചിട്ടും ഇതുവരെ റെയില്‍വേ നിരക്കു കുറയ്ക്കാത്തതിനാല്‍ നിരക്കിളവ് പ്രതീക്ഷിക്കുന്നവരുമുണ്ട്. നിരക്ക് വര്‍ധനയില്‍ നിന്നുളള വരുമാനം ഒഴിവാക്കി പകരം സ്വകാര്യപങ്കാളിത്തമുളള പദ്ധതികളില്‍ നിന്ന് 70,000 കോടി രൂപയോളം വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
 
നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ 1.8 ലക്ഷം കോടി രൂപ വേണമെന്നാണ് കണക്കു കൂട്ടല്‍. ഈ വര്‍ഷത്തെ മുഖ്യബജറ്റില്‍ അന്പതിനായിരം കോടി രൂപയുടെ ധനസഹായം റെയില്‍വേയ്ക്കായി നീക്കി വെക്കണമെന്ന് കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചൈനയും ജപ്പാനുമടക്കമുളള രാജ്യങ്ങളില്‍ നിന്ന് പരസ്പരപങ്കാളിത്തത്തോടെയുളള വികസനപദ്ധതികള്‍ രൂപീകരിക്കാനും ഈ ബജറ്റില്‍ നിര്‍ദേശമുണ്ടായേക്കും.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക