ശശികല പഠിപ്പിക്കേണ്ടെന്നും സ്‌കൂളില്‍ വരരുതെന്നും വിദ്യാര്‍ഥികള്‍; ബിജെപി നേതാവിനെതിരെ നാട്ടുകാര്‍ രംഗത്ത്

തിങ്കള്‍, 7 നവം‌ബര്‍ 2016 (15:44 IST)
വര്‍ഗീയ വിദ്വോഷം ചീറ്റുന്ന പ്രസ്‌താവനകള്‍ നടത്തുന്ന ബിജെപി നേതാവ് കെപി ശശികലയ്‌ക്കെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്ത്. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദി രംഗത്തെത്തിയത് പിന്നാലെ വിദ്യാര്‍ഥികളും രംഗത്തെത്തി.

ശശികല സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന ആവശ്യം ശക്തമായതോടെ ഇന്നത്തെ ക്ലാസ് വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചു. ഭൂരിഭാഗം കുട്ടികളും സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് ക്ലാസുകള്‍ക്ക് അവധി നല്‍കുകയായിരുന്നു അധികൃതര്‍. വിഷയം പരിഹരിക്കുന്നതിനു വേണ്ടി ഈ മാസം സര്‍വകക്ഷി യോഗം വിളിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ശശികല വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമാണ്. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ഇവരുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. നാട്ടികാരെയും കുട്ടികളെയും അപമാനിക്കുന്നതിന് തുല്ല്യമാകും ശശികല സ്‌കൂളില്‍ തുടര്‍ന്നാല്‍ എന്നും ജനകീയ പ്രതികരണ വേദി നേരത്തെ വ്യക്തമാക്കിയിരുന്നു.

വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും കൊലവിളി നടത്താനും ആര്‍എസ്എസിന് പ്രചോദനം നല്‍കുന്നത് ശശികലയണ്. മതപ്രസംഗം നടത്തിയതിന്റെ പേരില്‍ 153 എ പ്രകാരം കേസ് നേരിടുന്ന ഇവരെ എത്രയും വേഗം സ്‌കൂളില്‍ നിന്ന് പുറത്താക്കണം. ശശികലയെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ മാര്‍ച്ച് നടത്തുമെന്നും ജനകീയ പ്രതികരണ വേദി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക