സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി യൂണിയന്‍ നിര്‍ബന്ധം, മാനേജ്‌മെന്റുകളുടെ സ്വാധീനത്തിന് സര്‍വകലാശാലകള്‍ വഴങ്ങരുതെന്ന് സര്‍ക്കാര്‍

വെള്ളി, 3 ഫെബ്രുവരി 2017 (08:18 IST)
വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന രീതിയില്‍ സ്വാശ്രയ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത് തടയുന്നതിനായി നിയന്ത്രണങ്ങള്‍ വരുന്നു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയനും അധ്യാപക രക്ഷാകര്‍ത്യ സമിതിയും നിര്‍ബന്ധമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.
 
പല കോളേജുകളിലും പേരിന് മാത്രമാണ് പിടിഎയും വിദ്യാര്‍ത്ഥി യൂണിയനും പ്രവര്‍ത്തിക്കുന്നത്. പലയിടത്തും വേണ്ടത്ര രീതിയിലുള്ള അടിസ്ഥാന സൗകര്യമില്ല. സര്‍വകലാശാലകള്‍ അവയില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. ഇന്റേണല്‍ അസസ്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ പരിഷ്‌കാരം കൊണ്ടുവരാനും തീരുമാനമായി.
 
വിദ്യാര്‍ത്ഥി പീഡനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്വാശ്രയ കോളേജുകളെ സര്‍വകലാശാല നിയോഗിക്കുന്ന ഭരണസമിതികള്‍ നിരീക്ഷിക്കണമെന്നും ഈ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ വിദ്യാര്‍ഥികള്‍ക്കായിരിക്കണം കലാലയത്തില്‍ ആദ്യ പരിഗണന കിട്ടേണ്ടതെന്നും അധ്യാപന നിലവാരം ഉറപ്പാക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു.

വെബ്ദുനിയ വായിക്കുക