മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ ഭീതി പരത്തുന്ന വ്‌ളോഗര്‍മാരെ നിയന്ത്രിക്കുമെന്നും നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പുതിയ ഡാം വേണമെന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കക്ഷിഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. വിഷയത്തില്‍ തമിഴ്‌നാടും കേരളവും തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോടതിക്ക് പുറത്തും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ഉദ്യോഗസ്ഥതല അവലോകനയോഗം ചേര്‍ന്നു. സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കാനും യോഗം കളക്ടറെ ചുമതലപ്പെടുത്തി.
മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യോക്കോസ് എം പി, എംഎല്‍എമാരായ വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കളക്ടര്‍ വി വിഘ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീ, എഡിഎം ബി ജ്യോതി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു.