മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും സമരം; 15ന് ചേരുന്ന യോഗത്തില്‍ സമരം തുടങ്ങുന്ന തിയതി പ്രഖ്യാപിക്കും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:31 IST)
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും സമരം ആരംഭിക്കുന്നു. ഫാദര്‍ ജോയി നിരപ്പേലാണ് സമരസമിതിക്ക് നേതൃത്വം നല്‍കുന്നത്. ഈ മാസം 15ന് ചേരുന്ന യോഗത്തില്‍ സമരം ആരംഭിക്കുന്നതിനുള്ള തിയതി നിശ്ചയിക്കും. മുല്ലപ്പെരിയാര്‍ സമര സമിതി, പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച പ്രകടനവും യോഗവും നടന്നിരുന്നു.
 
2006ല്‍ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി തുടങ്ങിയ പ്രതിഷേധം 3000 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഇപ്പോള്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി നിവാസികള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. 130 വര്‍ഷം പഴക്കമുള്ള ഡാം പൊട്ടിയാലുള്ള അപകടം സങ്കല്‍പിക്കാന്‍ സാധിക്കില്ലെന്ന് സമരാനുകൂലികള്‍ പറയുന്നു. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മലയോര ജനത സമരമുഖത്ത് സജീവമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍