വീണ്ടും തെരുവുനായ ആക്രമണം, സ്കൂൾ വിദ്യാർഥി അടക്കം നാലുപേരെ കടിച്ചു
വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (10:44 IST)
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും. കൊച്ചി പുതുവൈപ്പിനില്‍ സ്കൂൾ വിദ്യാർഥി അടക്കം നാലുപേരെ തെരുവുനായ കടിച്ചു. സാരമായി പരുക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു കുട്ടിക്ക് തെരുനായയുടെ കടിയേറ്റത്. കുട്ടിയുടെ കൈകൾക്കും വയറിനുമാണ് പരുക്കേറ്റത്.
സംഭവത്തില്‍ പ്രകോപിതരായ നാട്ടുകര്‍ നായയെ തല്ലിക്കൊന്നു. കഴിഞ്ഞ രണ്ടുദിവസം മുമ്പ് കോതമംഗലത്ത് വീട്ടുമുറ്റത്ത് നിന്ന ദേവനന്ദൻ എന്ന മൂന്നുവയസുകാരനു പട്ടിയുടെ കടിയേറ്റു മുഖത്തു ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നാലെ ങ്കണവാടി കുട്ടികൾക്കു നേരെയും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായ വാര്‍ത്തകള്‍ പുറത്തു വന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുനായ ശല്യം വർധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തെരുവുനായ്ക്കളുടെ കടിയേറ്റു കുട്ടികൾ ഉൾപ്പെടെ കൂടുതൽ പേർ ആശുപത്രിയിലാകുന്ന സാഹചര്യത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സമീപകാലത്തു തെരുവുനായ ശല്യം കൂടുതലായതിന്റെ പത്രവാർത്തകൾ ശ്രദ്ധയിൽപ്പെടുത്തിയാണു ബേസിൽ അട്ടിപ്പേറ്റി കോടതിയിലെത്തിയത്.