ചെരുപ്പ് വിവാദം കത്തുന്നു: ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സ്പീക്കര്‍

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (11:15 IST)
ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച് വിവാദത്തിലായ നിയമസഭാ സ്പീക്കർ എൻ ശക്തൻ വിശദീകരണവുമായി രംഗത്ത്. തനിക്ക് വര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ആണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. 12മണിക്ക് ചേരുന്ന പത്രസമ്മേളനത്തില്‍ വിഷയം വ്യക്തമാക്കമെന്നും സ്‌പീക്കര്‍ പറഞ്ഞു.

തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നതാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. തന്റെ മണ്ഡലത്തിലുള്ളവര്‍ക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഈ കാര്യം അറിയാവുന്നതാണ്. അതിനാല്‍ ആണ് ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ചതെന്നും സ്പീക്കർ പറഞ്ഞു.

നിയമസഭാ വളപ്പിലെ നെൽക്കൃഷി വിളവെടുപ്പിനായി എത്തിയ സ്‌പീക്കര്‍ ഡ്രൈവറെക്കൊണ്ട് ചെരുപ്പിന്റെ വാര്‍ അഴിപ്പിക്കുകയായിരുന്നു. ഈ സമയം സ്‌പീക്കര്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ചെരുപ്പ് അഴിച്ചു മാറ്റുന്നതിനായി സ്‌പീക്കര്‍ നിന്നു കൊടുക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കാതെ നില്‍ക്കുകയുമായിരുന്നു. നിയമസഭാ ജീവനാക്കാരും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ സമീപത്ത് നിന്നപ്പോഴാണ് സംഭവം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക